കൊഹിമ: നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന പാചകക്കാരനായി മാറിയ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
നാഗാലാന്‍ഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് തന്റെ രസകരമായ തമാശയ്ക്കും സോഷ്യല്‍ മീഡിയ അടിക്കുറിപ്പുകള്‍ക്കും പേരുകേട്ടയാളാണ്. പ്രധാനപ്പെട്ട ജീവിത ഉപദേശങ്ങളെക്കുറിച്ചും ഹൃദയസ്പര്‍ശിയായ വീഡിയോകളെക്കുറിച്ചും പതിവായി അപ്ഡേറ്റ് ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധാലുവാണ്. ഇത്തവണയും മന്ത്രി തന്റെ പാചക സാഹസികതയിലൂടെ തന്റെ എക്സ് (പഴയ ട്വിറ്റര്‍) ഫോളോവേഴ്സിന്റെ ശ്രദ്ധ ഒരിക്കല്‍ കൂടി ആകര്‍ഷിച്ചിരിക്കുന്നു എന്നുവേണം പറയാന്‍.
പാകമായ പൊറോട്ടയില്‍ മുട്ട ചേര്‍ത്ത് തന്റേതായ ശൈലിയില്‍ ഒരു പൊറോട്ട മുട്ട റോള്‍ ഉണ്ടാക്കുകയും അതു കഴിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാല്‍ പരിവാരങ്ങളും അകമ്പടി വാഹനങ്ങളും ഇല്ലാതെ സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മാത്രമല്ല, വഴിയോരത്തുള്ള തികച്ചും സാധാരണമായ ഒരു കൊച്ചുകടയിലെ അടുക്കളയിലാണ് അദ്ദേഹം പൊറോട്ട ഉണ്ടാക്കുന്നത്. കടയ്ക്ക് പുറത്തായി ക്രമീകരിച്ചിരിക്കുന്ന കസേരയിലിരുന്ന് അദ്ദേഹം ഭക്ഷണം ആസ്വദിക്കുന്നുമുണ്ട്.
വീഡിയോ എക്‌സില്‍ പങ്കിട്ടതുമുതല്‍ ഇതിന് 48,000 ലധികം കാഴ്ചക്കാരെയും 2,700-ലധികം ലൈക്കുകളും നേടാനായി.