മൂന്ന് വർഷം, മുന്നൂറ് മൈല്‍; ജില്‍ ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി

ടെക്സാസ്: മൂന്ന് വർഷം മുന്‍പ് കാണാതായ നായ്ക്കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ടെക്സാസിലെ ഒരു കുടുംബം. 2020, ല്‍ ആർക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ താമസിക്കവെയാണ് റെക്സ് സ്മിത്തിന്റെയും ബ്രിട്ട്നി സ്മിത്തിന്റെയും പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കുട്ടികളെ കാണാതാകുന്നത്. ജാക്ക് എന്നും ജില്‍ എന്നും ആയിരുന്നു അവയുടെ പേര്.

ഇരുവരെയും കണ്ടെത്താന്‍ അയല്‍പക്കത്തെ വീടുകളിലെല്ലാം റെക്സും ബ്രിട്ട്നിയും കയറിയിറങ്ങി. തിരച്ചില്‍ നിരാശയില്‍ അവസാനിച്ചപ്പോള്‍ പ്രദേശത്ത് പോസ്റ്റർ പതിച്ചും, സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചും കുടുംബം ഭാഗ്യം പരീക്ഷിച്ചു. ആർക്കന്‍സാസിലെ അനിമല്‍ ഷെല്‍ട്ടറുകളിലും മൃഗാശുപത്രികളിലും കാണാതായ നായ്ക്കളെക്കുറിച്ച് അറിയിച്ചു. എന്നാല്‍ ഒരിടത്ത് നിന്നും പ്രതീക്ഷിച്ചതുപോലെ വിവരം ലഭിച്ചില്ല.

ജാക്കിനെയും ജില്ലിനെയും ആരെങ്കിലും കടത്തിക്കൊണ്ടുപോയതാണെങ്കില്‍ ഒരിക്കലും അവർ അവയെ തിരിച്ചേല്‍പ്പിക്കില്ലെന്നും ആശുപത്രിയിലെത്തിക്കില്ലെന്നും കുടുംബത്തിന് അറിയാമായിരുന്നു. എന്നാല്‍ എന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ്ക്കള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ദമ്പതികളുടെ അഞ്ചുവയസുകാരിയായ മകള്‍.

ഇതിനിടെ ചില ഷെല്‍ട്ടറുകളില്‍ നിന്ന് കാണാതായ നായ്ക്കുട്ടികളോട് സാമ്യമുള്ള പിറ്റ്ബുള്ളുകളെ കണ്ടെത്തിയെന്ന് അറിയിച്ചെങ്കിലും അവയൊന്നും ജാക്കോ ജില്ലോ ആയിരുന്നില്ല. ഇതിനിടെ ലിറ്റില്‍ റോക്കില്‍ നിന്നും 300 മൈൽ അകലെ ടെക്സാസിലെ മെക്കിന്നിയിലേക്ക് കുടുംബം താമസം മാറുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഈ വർഷം ജൂലെെ അവസാനത്തോടെയാണ് ലിറ്റില്‍ റോക്ക് അനിമല്‍ വില്ലേജ് അധികൃതർ ജില്ലിനെ കണ്ടെത്തുന്നത്. നായകളെ തിരിച്ചറിയാനുള്ള മെെക്രോചിപ്പ് വഴി അവർ ജില്ലിനെ തിരിച്ചറിഞ്ഞു. ഇതോടെ ജില്ലിന്റെ കുടുംബത്തെ വിവരമറിയിച്ചു. മുന്‍പും ഇത്തരത്തില്‍ കാണാതായ നായ്ക്കുട്ടികളെ മെെക്രോചിപ്പുകള്‍ വഴി തിരിച്ചറിയുന്ന കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ജില്ലും അങ്ങനെ തിരിച്ചെത്തുമെന്ന് സ്മിത്ത് കുടുംബം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

തന്നെ ആദ്യം കണ്ടപ്പോള്‍ ജില്‍ തിരിച്ചറിഞ്ഞില്ലെന്നും, പരിഭ്രാന്തിയോടെയാണ് ഇടപെട്ടതെന്നും ബ്രിട്ട്നി ഓർക്കുന്നു. ഒരുപക്ഷേ ജില്‍ അക്രമകാരിയായോ എന്ന് സംശയം തോന്നി. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി നാലുദിവസത്തിനകം ജില്‍ പഴയ നിലയിലേക്ക് തിരിച്ചെത്തിയെന്ന് കുടുംബം സന്തോഷത്തോടെ പറയുന്നു. ശരീരത്തിലെ ചില പോറലുകള്‍ ഒഴിച്ചാല്‍ ജില്ലിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. അതേസമയം, ജില്ലിനൊപ്പം കാണാതായ ജാക്കിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide