
ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേലാണ് ‘തലൈവർ 170’ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം രജനിയുടെ ഭാര്യയായിട്ടാണ് നടി എത്തുന്നതെന്നാണ്. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തലൈവർ 170 ൽ ബച്ചൻ ജോയിൻ ചെയ്തിട്ടുണ്ട്. രജനികാന്താണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 33 വർഷങ്ങൾക്ക് ശേഷം ബച്ചനൊപ്പം സ്ക്രീൻ സ്പെയിസ് പങ്കിടുന്നതിന്റെ സന്തോഷവും രജനി വ്യക്തമാക്കി.
“33 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാർഗദശിയും പ്രതിഭാസവുമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നു. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക പ്രൊഡക്ഷൻസിന്റെ തലൈവർ 170. എന്റെ ഹൃദയം സന്തോഷം കൊണ്ട് മിടിക്കുന്നു,” തലൈവർ എക്സിൽ കുറിച്ചു. കൂടാതെ ബച്ചനൊപ്പമുളള ചിത്രവും രജനികാന്ത് ഷെയർ ചെയ്തിട്ടുണ്ട്.