
ബെംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച വൈകാരിക നിമിഷത്തെ ഓർത്തെടുത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നരേന്ദ്ര സിങ് ധോണി.
2020 ഓഗസ്റ്റ് 15 നാണ് ധോണി ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതെങ്കിലും, 2019 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ ടീം ന്യൂസിലൻഡിനോട് തോറ്റ ശേഷം താൻ വിരമിക്കാൻ തീരുമാനിച്ചതായി ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ധോണി വെളിപ്പെടുത്തി.
2019 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷമുള്ള 13 മാസങ്ങളിൽ ധോണിയുടെ നിശബ്ദതയും ക്രിക്കറ്റ് രംഗത്ത് നിന്നുള്ള അസാന്നിധ്യവും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ആരാധകർക്കിടയിലും ക്രിക്കറ്റ് ലോകത്തൊട്ടാകെയും പല ഊഹാപോഹങ്ങൾക്കിടയാക്കി.
“വിജയത്തിന് അടുത്തെത്തി കളി തോൽക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ സാധിച്ചെന്നു വരില്ല. മത്സരങ്ങളില്‍ എന്തു ചെയ്യണമെന്ന പദ്ധതികളുമായാണു ഞാൻ കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ ജഴ്സിയിൽ അത് എന്റെ അവസാന മത്സരമായിരുന്നു. ഇനി രാജ്യത്തിനു വേണ്ടി ഇറങ്ങാൻ സാധിക്കില്ലല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു. ആ സമയത്ത് നമ്മൾ ഉറപ്പായും വൈകാരികമായി പ്രതികരിച്ചുപോകും.”
ആ കാലയളവിൽ താൻ അനുഭവിച്ച ആന്തരിക അസ്വസ്ഥതകൾ ധോണി പങ്കുവച്ചു. താൻ വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ആ സമയത്ത് അത് പ്രഖ്യാപിക്കാൻ ആഗ്രഹിച്ചില്ലെന്നും ധോണി പറഞ്ഞു. ക്രിക്കറ്റ് കളിക്കാർക്ക് നൽകിയ ഉപകരണങ്ങൾ തിരികെ നൽകുന്നതിനെക്കുറിച്ചും തനിക്ക് ഇനി ആവശ്യമില്ലെന്ന് പരിശീലകനെ അറിയിക്കുന്നതിലെ വെല്ലുവിളിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“നിങ്ങൾ വളരെ വൈകാരികമായി ചിന്തിക്കുന്ന സമയമാണ്. കഴിഞ്ഞ 12-15 വർഷമായി നിങ്ങൾ ചെിരുന്യ്തന ഒരേയൊരു കാര്യം ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ്. അതിനുശേഷം നിങ്ങൾക്ക് ഒന്നിനെയും പ്രതിനിധീകരിക്കാനുള്ള അവസരമില്ല. രാജ്യത്ത് ധാരാളം ആളുകൾ ഉണ്ട്, പക്ഷേ കുറച്ച് പേർക്ക് മാത്രമേ ആ അവസരം ലഭിക്കുന്നുള്ളൂ. കായികതാരങ്ങൾക്ക് അത് ഉണ്ട്. ഏത് കായിക വിനോദമാണ് നിങ്ങൾ കളിക്കുന്നതെങ്കിലും നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു.”