കല്‍പ്പറ്റ: വയനാട്ടില്‍ 22കാരനെ കോടാലി കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പിതാവ് പിടിയില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അമല്‍ദാസിന്റെ പിതാവ് ശിവദാസനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി കേളക്കവല ഭാഗത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ശിവദാസനെ പിടികൂടിയത്. ശിവദാസനും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശിവദാസന്‍ കേളക്കവല ഭാഗത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
ഇവര്‍ ഒരുമിച്ചായിരുന്നില്ല തമാസം. ശിവദാസനും അമല്‍ദാസും മാത്രമാണ് കതവാക്കുന്നിലെ വീട്ടില്‍ താമസമുണ്ടായിരുന്നത്. ശിവദാസന്റെ പീഡനം ഭയന്ന് ഭാര്യ സരോജിനിയും മകള്‍ കാവ്യയും കബനിഗിരിയിലെ കുടുംബവീട്ടിലാണ് കഴിയുന്നത്. അമല്‍ അമ്മയെ ഫോണില്‍ വിളിക്കുന്നത് ശിവദാസന്‍ തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമല്‍ അമ്മയെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. അമല്‍ദാസ് അമ്മയെ ഫോണ്‍ വിളിക്കുന്നതിനിടെയാണ് ശിവദാസന്‍ കോടാലികൊണ്ട് തലയ്ക്കടിച്ചത്. തലയ്ക്കടിയേറ്റ അമല്‍ദാസ് തല്‍ക്ഷണം മരിച്ചു. താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ മകന്‍ ഫോണ്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിപ്പിച്ചത്.
പെയിന്റിങ് തൊഴിലാളിയായ അമല്‍ദാസ് ബന്ധുവിന്റെ കൃഷിയിടത്തില്‍ രാത്രി കാവലിനുപോയശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് അമ്മയെ ഫോണില്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമ്മയെ ഫോണില്‍ വിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് ശിവദാസന്‍ മകനോട് പറയുന്നത് മറുതലയ്ക്കലുള്ള അമ്മ കേട്ടിരുന്നു. ‘അമ്മയെ വിളിച്ചാല്‍ നിന്നെ ഞാന്‍ ശരിയാക്കു’മെന്ന് ശിവദാസന്‍ പറയുന്നതും തുടര്‍ന്ന് അടിക്കുന്നതിന്റെ ശബ്ദവും സരോജിനി ഫോണിലൂടെ കേട്ടിരുന്നു. തൊട്ടുപിന്നാലെ മകനെ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ, അമ്മ അയല്‍വാസികളെ വിളിച്ചു വിവരം പറയുകയായിരുന്നു.
വീട്ടില്‍ എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് അമ്മ അയല്‍വാസികളോട് പറഞ്ഞത്. ഇതന്വേഷിക്കാനായി അയല്‍വാസികള്‍ ശിവദാസന്റെ വീട്ടിലെത്തിയപ്പോഴാണ് അകത്തെ മുറിയില്‍ കിടക്കയില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ അമല്‍ദാസിനെ കണ്ടത്. പിതാവിനെ വീട്ടില്‍ കാണാനും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അമല്‍ദാസിനെ അടിക്കാന്‍ ഉപയോഗിച്ച കോടാലി വീടിന് പിറകുവശത്തുനിന്നും കണ്ടെത്തി. മരംവെട്ട് തൊഴിലാളിയാണ് ശിവദാസന്‍. ഗോവയില്‍ ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്ന സരോജിനി കഴിഞ്ഞയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്.