കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ചൊല്ലി പ്രീയപ്പെട്ടവര്‍; സാറയുടെ മൃതദേഹം സംസ്‌കരിച്ചു

കല്‍പ്പറ്റ: കുസാറ്റ് ദുരന്തത്തില്‍ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. രാവിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ഈങ്ങാപ്പുഴ സെയ്ന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ സാറയെ സംസ്‌കരിച്ചു. വീട്ടില്‍ നിന്ന് പള്ളിയിലേക്ക് സാറയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുജനങ്ങളും നാട്ടുകാരുമെല്ലാം അനുഗമിച്ചു.

വീട്ടിലും സാറ പഠിച്ച താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അല്‍ഫോന്‍സാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചിരുന്നു. നൂറുകണക്കിനാളുകള്‍ സാറയെ അവസാനമായി കാണാനെത്തി. പൂര്‍വകാല വിദ്യാര്‍ത്ഥിയെ അവസാനമായി കണ്ട് ആദരമര്‍പ്പിക്കാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പുഷ്പങ്ങളുമായാണെത്തിയത്. സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പായി പള്ളിയിലും അല്‍പ സമയം പൊതുദര്‍ശനത്തിനു വെച്ചിരുന്നു.

കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ തോമസ് സ്‌കറിയുടെയും കൊച്ചുറാണിയുടെയും മകളാണ് 20കാരിയായ സാറ. രണ്ട് സഹോദരിമാരാണുള്ളത്.
കുസാറ്റില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായിരുന്നു.

More Stories from this section

family-dental
witywide