തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച വയോധികമാരായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി മട്ടാഞ്ചേരിയിലെ വ്യവസായി. ഇരുവര്‍ക്കും ആവശ്യത്തിനുള്ള അരിയും പലചരക്കു സാധനങ്ങളും വാങ്ങി നല്‍കിയ വ്യവസായിയായ മുകേഷ് ജെയ്ന്‍ പലചരക്ക് കടയില്‍ മറിയക്കുട്ടിയും അന്നക്കുട്ടിയും നല്‍കാനുള്ള കടം തീര്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും ചട്ടയും മുണ്ടും സമ്മാനിച്ചു.
ക്ഷേമപെന്‍ഷന്‍ ലഭിച്ചാല്‍ മാത്രമെ പലചരക്ക് കടയിലെ കടം വീട്ടാനാകൂ എന്ന് ഇരുവരും നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മുകേഷ് ജെയ്ന്‍ ഇന്ന് രാവിലെ അടിമാലിയിലെ ഇരുന്നേറക്കറിലെ മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തി സഹായം നല്‍കുകയും പലചരക്ക് കടയിലെ കടം തീര്‍ക്കുകയും ചെയ്തത്. പെന്‍ഷന്‍ കിട്ടാത്തതിലെ പ്രതിഷേധം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതോടെ പലകോണുകളില്‍ നിന്നും ഇരുവര്‍ക്കും സഹായങ്ങള്‍ ലഭിച്ചിരുന്നു.
നേരത്തേ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിനു പിന്നാലെ സഹായിക്കാന്‍ വന്ന പലരും തിരികെ പോയിരുന്നെന്ന് മറിയക്കുട്ടി ആരോപിച്ചിരുന്നു. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരെ വ്യാപകമായി നടന്ന പ്രചാരണം. ദേശാഭിമാനി പത്രത്തിലും ഈ രീതിയില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.