ചാലക്കുടി: എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ ചാലക്കുടിയില്‍ സംസാരിക്കവെയാണ് മിശ്രവിവാഹ വിവാദത്തില്‍ സമസ്തയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു. മിശ്രവിവാഹം തടയാന്‍ ആര്‍ക്കും ആവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മിശ്രവിവാഹത്തിനെതിരെ പരാതി എക്കാലത്തും ഉണ്ടാകും. കുടുംബങ്ങള്‍ പരാതി ഉയര്‍ത്തും. മിശ്രവിവാഹം സമൂഹത്തില്‍ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പെണ്‍കുട്ടികളും സ്ത്രീകളും കരുത്തുള്ളവരായി മാറണമെന്നും മുഖ്.മന്ത്രി പറഞ്ഞു. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് ‘താന്‍ പോടാ’ എന്ന് പറയാനുള്ള കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറേണ്ടി വരും. അവര്‍ക്കൊപ്പം കുടുംബവും നില്‍ക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.