ജയിലില്‍ക്കഴിയുന്ന അമ്മയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയത് മക്കള്‍

നോര്‍വീജിയ: തടവിലാക്കപ്പെട്ട ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗസ് മുഹമ്മദിയുടെ മക്കള്‍ അമ്മയ്ക്കായി നല്‍കപ്പെട്ട ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനം സ്വീകരിച്ചു. വര്‍ഷങ്ങളായി അമ്മയെ നേരിട്ട് കാണാന്‍ കഴിയാത്ത ദുഖവും പേറിയാണ് പതിനേഴുകാരായ ഇരട്ടകള്‍ ഇന്നലെ നോര്‍വീജിയന്‍ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമ്മാനം ഏറ്റുവാങ്ങിയത്.

രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രചാരണത്തിനും വധശിക്ഷയ്ക്കെതിരെ പോരാടുന്നതിനും പ്രശസ്തയാണ് 51 കാരിയായ നര്‍ഗസ് മുഹമ്മദി. ഇറാനിയന്‍ അധികാരികളുടെ നിരവധി അറസ്റ്റുകള്‍ക്കിടയിലും വര്‍ഷങ്ങളോളമുള്ള ജയില്‍ വാസത്തിനും തളര്‍ത്താനാകാത്ത മനോവീര്യമാണ് മുഹമ്മദിക്ക് 2023 ലെ സമാധാനത്തിനുള്ള നോബല്‍ നേടിക്കൊടുത്തത്.

പിതാവിനൊപ്പം പാരീസില്‍ പ്രവാസികളായി കഴിയുന്ന മുഹമ്മദിയുടെ 17 വയസ്സുള്ള ഇരട്ടക്കുട്ടികളായ കിയാനയും അലി റഹ്മാനിയും ഓസ്ലോ സിറ്റി ഹാളില്‍ വച്ച് അഭിമാനകരമായ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അമ്മയുടെ സന്ദേശം ലോകത്തിനായി വായിച്ചു കേള്‍പ്പിച്ചു.

‘ഒരു ജയിലിന്റെ ഉയര്‍ന്ന തണുത്ത മതിലുകള്‍ക്ക് പിന്നില്‍ നിന്നാണ് ഞാന്‍ ഈ സന്ദേശം എഴുതുന്നത്, ഞാനൊരു മിഡില്‍ ഈസ്റ്റേണ്‍ സ്ത്രീയാണ്, സമ്പന്നമായ നാഗരികത ഉണ്ടായിരുന്നിട്ടും, ഇപ്പോള്‍ യുദ്ധത്തിലും തീവ്രവാദത്തിലും കുടുങ്ങിപ്പോയ ഒരു പ്രദേശത്താണ് താനെന്നും’സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും വെളിച്ചം ഇറാന്‍ ഭൂമിയില്‍ പ്രകാശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അവര്‍ പ്രസംഗ കുറിപ്പില്‍ പറഞ്ഞു, ഇറാന്‍ ജനത അവരുടെ സ്ഥിരോത്സാഹത്തിലൂടെ തടസ്സങ്ങളെയും സ്വേച്ഛാധിപത്യത്തെയും തകര്‍ക്കും. സംശയിക്കേണ്ട – ഇത് ഉറപ്പാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍വേയിലെ രാജാവായ ഹറാള്‍ഡിന്റെയും സോഞ്ജ രാജ്ഞിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍, നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയുടെ അധ്യക്ഷയായ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്‌സണ്‍, ‘മനുഷ്യാവകാശങ്ങള്‍ക്കും ശക്തമായ പൗരസമൂഹത്തിനും വേണ്ടിയുള്ള ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന പോരാട്ടമെന്ന് പറഞ്ഞാണ് പുരസ്‌കാരം നല്‍കിയത്.