അമേരിക്കന്‍ പരമോന്നത കോടതിയിലെ ആദ്യ വനിത ജസ്റ്റിസ് വിടവാങ്ങി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് സാന്ദ്ര ഡേ ഒ’കോണര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഫീനിക്‌സിലായിരുന്നു അന്ത്യം.

അവരുടെ മരണത്തില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് അനുശോചനം രേഖപ്പെടുത്തി. നിശ്ചയദാര്‍ഢ്യത്തോടെയും അനിഷേധ്യമായ കഴിവോടെയും ആത്മാര്‍ത്ഥതയോടെയും അവര്‍ പ്രവര്‍ത്തിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മ്മിച്ചു.

1981ലാണ് സാന്ദ്ര സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജസ്റ്റിസായി ചുമതലയേറ്റത്. അന്ന് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, ഓ’കോണറിന്റെ നാമനിര്‍ദ്ദേശം മുന്നോട്ട് വെച്ചതും അവര്‍ തിരഞ്ഞെടുക്കപ്പെട്ടതും ഒരു ചരിത്രമായിരുന്നു. അത് കോടതിയിലെ 191 വര്‍ഷത്തെ പുരുഷന്മാരുടെ ആതിപഥ്യം അവസാനിപ്പിച്ചു. അരിസോണ സ്വദേശിയായ ഒ’കോണര്‍ കാര്‍ഷിക കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന വനിതയായിരുന്നു.

2018 ന്റെ തുടക്കത്തില്‍ ഇവര്‍ മറവിരോഗത്തിന്റെ പിടിയിലകപ്പെട്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ജോണ്‍ ഒ’കോണറും 2009-ല്‍ അല്‍ഷിമേഴ്സിന്റെ സങ്കീര്‍ണതകള്‍ മൂലമാണ് മരണത്തിന് കീഴടങ്ങിയത്.