സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തമിഴ്നാട് ഗവർണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന ബഹുമതിക്ക് അര്‍ഹയായ ഫാത്തിമ ബീവി മനുഷ്യാവകാശ കമ്മീഷന്‍ അംഗം, പിന്നാക്കവിഭാഗ കമ്മീഷന്റെ ആദ്യ അധ്യക്ഷ എന്നീ നിലകളിലും ശ്രദ്ധേയയാണ്. 1997-2001 കാലയളവിലായിരുന്നു തമിഴ്നാട് ഗവർണറായി സേവനമനുഷ്ഠിച്ചത്. ഏഷ്യയിൽ തന്നെ പരമോന്നതകോടതികളിൽ ജഡ്ജിയായ വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിയ്ക്കുണ്ട്.
1950 ല്‍ അഭിഭാഷകയായി ഔദ്യോഗികജീവിതം ആരംഭിച്ച ഫാത്തിമ ബീവി 1958 ലാണ് സബോർഡിനേറ്റ് മുൻസിഫായി നിയമിതയായത്. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ചു. 1972 ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും 1974 ൽ ജില്ലാ സെഷൻസ് ജഡ്ജായും പ്രവര്‍ത്തിച്ചു. 1984 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഇതേ വര്‍ഷം ഹൈക്കോടതി സ്ഥിരം ജഡ്ജിയായും നിയമനം ലഭിച്ചു.
1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽനിന്ന് വിരമിച്ചെങ്കിലും ഒക്ടോബർ ആറിന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിക്കുകയായിരുന്നു. 1992 ഏപ്രിൽ 29 നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്.
The first woman Judge in Supreme Court Justice Fatima Beevi passed away at 96