‘ഗവര്‍ണറും തൊപ്പിയും’; നാടകം വിലക്കിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നാടകം വിലക്കിയതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്ഐയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യവുമായി ഡിവൈഎഫ്ഐ ബാനര്‍ ഉയര്‍ത്തി.

ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നാടകം അവതരിപ്പിക്കാനിരുന്ന സാഹചര്യത്തിലാണ് വിലക്ക്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നടപടി. ഫോര്‍ട്ട് കൊച്ചി പൊലീസ്, സബ് കളക്ടര്‍ എന്നിവരും നാടകം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നാടകത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് ബിജെപി പരാതി നല്‍കിയത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളതെന്നും ഗവര്‍ണര്‍ എന്ന പേര് ഉപയോഗിക്കരുതെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ക്രിസ്റ്റഫര്‍ ഫെഡറിക് ഷില്ലര്‍ എഴുതിയ ജര്‍മ്മന്‍ നാടകത്തിന്റെ മലയാളം രൂപത്തിന്റെ ചെറിയ ഭാഗമാണ് ഈ നാടകത്തില്‍ അവതരിപ്പിക്കുന്നത്. മുന്‍പ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. വിലക്കിനെതിരെ പ്രതിഷേധിക്കാനാണ് തീയേറ്റര്‍ അംഗങ്ങളുടെയും തീരുമാനം.

More Stories from this section

family-dental
witywide