
ഗാസ: അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലേക്ക് രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. നിരവധിയാളുകൾക്ക് പരിക്കേറ്റു. 46,000 അഭയാർഥികളുള്ള ക്യാമ്പിലെ ഭവനസമുച്ചയങ്ങൾ തകർന്നു.
ഗാസയിലെ മരണസംഖ്യ 9061 കടന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാഴ്ചയിലേറെയായി ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. ഇതിൽ 3700 കുട്ടികളുമുണ്ട്. വ്യാഴാഴ്ചമാത്രം 256 പേർ കൊല്ലപ്പെട്ടു. 1150 കുട്ടികൾ ഉൾപ്പെടെ 2600 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അതിനിടെ, വിദേശ പാസ്‌പോർട്ടുള്ള 7000 പേർക്ക് റാഫ അതിർത്തിവഴി പ്രവേശനം അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കി. അറബ് രാജ്യങ്ങൾ സമാധാനശ്രമം ശക്തമാക്കിയിട്ടുണ്ട്.
ഇസ്രയേൽ സൈന്യം ഗാസ സിറ്റി വളഞ്ഞിരിക്കുകയാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് വെടിനിർത്തൽ ആവശ്യം ഉയർന്നെങ്കിലും ഇസ്രയേൽ അതൊന്നും സ്വീകരിച്ചിട്ടില്ല. അത് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രയേലിൽ എത്തും. വെടിനിർത്തൽ ആവശ്യം ബ്ലിങ്കനുമായി ചർച്ചചെയ്യുമെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ജബലിയ അഭയാർഥി ക്യാമ്പിലേക്ക് തുടർച്ചയായ മൂന്നാംദിവസവും ആക്രമണമുണ്ടായി. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞ്. 120 പേരെ കണ്ടെത്താനായിട്ടില്ല. 1.16 ലക്ഷംപേർ തങ്ങിയിരിക്കുന്ന ക്യാംപാണ്. ബുധനാഴ്ച നുസൈറത് ക്യാമ്പും ആക്രമിക്കപ്പെട്ടു.
തെക്കുപടിഞ്ഞാറൻ മേഖലയിൽ അഭയാർഥികളുമായി പോയ വാഹനത്തിനുനേരെയും മിസൈൽ ആക്രമണം ഉണ്ടായി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും വിവിധയിടങ്ങൾ ആക്രമിക്കപ്പെട്ടു.
മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ നാലു മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 35 മാധ്യമപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പലസ്തീനിലെ മാധ്യമ പ്രവർത്തകൻ മുഹമ്മദ് അബു ഹതാബും കുടുംബവും ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അവർ താമസിച്ചിരുന്ന അപാർട്മെൻ്റ് ആക്രമണത്തിൽ തകർന്നു. പലസ്തീനിലെ എല്ലാ മാധ്യമ പ്രവർകരേയും ഭീഷണിപ്പെടുത്താനായി ഇസ്രയേൽ അബു ഹതാബിലെ മനപൂർവം കൊലപ്പെടുത്തിയെന്ന് പലസ്തീൻ വാർത്ത ഏജൻസിയായ വാഫാ ആരോപിച്ചു.
ആക്രമണത്തിന് താൽക്കാലിക ശമനം ഉണ്ടാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആവശ്യപ്പെട്ടു. ഗാസ വംശഹത്യയിൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഉചിതമായി ഇടപെടാനായില്ലെന്ന് ആരോപിച്ച് യുഎൻ മനുഷ്യാവകാശ കമ്മിഷ്ണറുടെ ന്യൂയോർക്ക് ഓഫിസ് ഡയറക്ടർ ക്രെയ്‌ഗ് മൊഖിബെർ രാജിവച്ചു.
The Israeli military says it has surrounded Gaza City