കുഞ്ഞുങ്ങളാണ്, കൊല്ലരുതേ..അവർ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ…

ഇന്ത്യയിൽ ഇന്നു ശിശു ദിനമാണ്. അധികം ദൂരെയല്ല യുദ്ധമുഖം. എന്തിനെന്നു പോലും അറിയാതെ മരിച്ചു വീഴുന്ന കുഞ്ഞുമാലാഖമാർക്ക് ഹൃദയാഞ്ജലി.. വിലയേറിയ ബന്ദിയായി ഏതോ തുരങ്കപാളയത്തിൽ ലേലവസ്തുവായി ഇരിക്കുന്ന കുഞ്ഞുങ്ങളെയും മറക്കാനാകില്ല. വലിയവരുടെ യുദ്ധവെറികളിൽ, അധികാരക്കൊതികളിൽ ഞെട്ടറ്റുവീഴുന്നത് കുഞ്ഞുങ്ങളാണ്.

നിർദയം കൊലചെയ്യപ്പെടുന്ന ഒരായിരം കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടാണ് ഓരോ യുദ്ധമുഖവും. കൊല്ലപ്പെടുന്നവർ, പാതി ജീവിതം ബാക്കിയായവർ. കയ്യുംകാലുമറ്റവർ. ഉറ്റവരെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് എറിയപ്പെട്ടവർ..സ്വന്തം വീടിൻ്റെ സുരക്ഷ നഷ്ടപ്പെട്ട് അഭായാർഥി പാളയത്തിലോ ആശുപത്രിയിലോ തടവറയിലോ നരകിക്കുന്ന കുട്ടികൾ. അവർ ഏതു കോടതിയിലാണ് നീതിക്കു വേണ്ടി യാചിക്കേണ്ടത്. അവർ മുതിർന്നവരോട് ചോദിക്കുന്നു എന്ത് തെറ്റാണ് അവർ ചെയ്തത് എന്ന്. ആ കുഞ്ഞുനിലവിളികൾക്ക് ഒറ്റ ഭാഷയേയുള്ളു. അവരുടെ കണ്ണീര് മനസ്സാക്ഷിയുള്ളവരുടെ ചങ്ക് പിളർത്തുന്നുണ്ട്.

ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെ ഇൻക്യുബേറ്ററിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞുങ്ങൾ എപ്പോൾ വേണമെങ്കിലും മരിക്കാം.. ഈ ലോകം അവരെ എതിരേറ്റത് കൂട്ടനിലവിളിയോടെയാണ്.. ആ കുഞ്ഞു മിഴികൾ എന്നേക്കുമായി അടയാൻ ഇനി നേരമധികമില്ല. യുദ്ധമില്ലാത്ത ഒരു ലോകത്തേക്ക് ആ മാലഖമാർ പോവാനൊരുങ്ങുകയാണ്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ആറ്‌ നവജാതശിശുക്കൾ അവിടെ മരിച്ചു. കുഞ്ഞുങ്ങളുടെയും രോഗികളുടെയും  ശവപ്പറമ്പായി ആശുപത്രി മാറുമെന്നാണ്‌ മുന്നറിയിപ്പ്‌.

കുഞ്ഞുങ്ങൾക്ക്‌ നൽകാൻ പാൽ ആവശ്യമുണ്ടെന്ന്‌ യുനിസെഫ്‌ അടക്കമുള്ള അന്താരാഷ്‌ട്ര സംഘടനകളോട്‌ ആശുപത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒക്‌ടോബർ ഏഴുമുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളാണ്‌. 4609 കുട്ടികൾ ഗാസയിൽ കൊല്ലപ്പെട്ടെന്ന്‌ പലസ്‌തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ടുചെയ്‌തു. ഗാസയിൽ ഓരോ പത്ത്‌ മിനിറ്റിലും ഒരു കുട്ടിയുടെ ജീവൻ പൊലിയുന്നുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഹമാസ് ബന്ദിയാക്കിയതിൽ 3 വയസ്സുള്ള ഒരു അമേരിക്കൻ കുഞ്ഞിനെ കുറിച്ച് പ്രസിഡൻ്റ് ജോ ബൈഡൻ ഇന്നലെ വെളിപ്പെടുത്തി. ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ അവൻ്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടു. അവൻ അനാഥനാണ്.. മൂന്നു വയസ്സുള്ള അനാഥനായ ബന്ദി.. അവന് കാത്തിരിക്കുന്നത് എന്തായിരിക്കും.

പാൽമണമുള്ള ചുണ്ടുകളിൽ ചോരപൊടിയുന്ന ഈ കാഴ്ചകൾ എന്ന് അവസാനിക്കും.

The most affected victims of war are children

More Stories from this section

family-dental
witywide