ആലപ്പുഴ: ‘ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി’. കാര്‍ഷിക വായ്പ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ കെ ജി പ്രസാദ് ആത്മഹത്യയ്ക്ക് തൊട്ടു മുന്‍പ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. പ്രസാദിന്റെ മരണത്തിനു പിന്നാലെയാണ് ഈ ഓഡിയോ പുറത്തു വന്നത്. 20 വര്‍ഷം മുമ്പ് മദ്യപാനം നിര്‍ത്തിയ താന്‍ ഇപ്പോള്‍ വീണ്ടും മദ്യപാനം തുടങ്ങിയെന്നും പ്രസാദ് ഈ കോളില്‍ പറയുന്നു.
‘എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലന്നാണ്. എന്തു പറയാനാ..ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി.’തനിക്കു വേണ്ടി ഫൈറ്റ് ചെയ്യണമെന്നും പ്രസാദ് പറയുന്നു.
തകഴി സ്വദേശി പ്രസാദാണ് (55) കാര്‍ഷിക വായ്പ കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലാണ് പ്രസാദ് താമസിക്കുന്നത്. കൃഷി ആവശ്യത്തിനായുള്ള കാര്‍ഷിക വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശികയുള്ളതിനാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു വഴികളെല്ലാം അടഞ്ഞതോടെ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.
അതേസമയം പിആര്‍എസ് വായ്പയുടെ പേരില്‍ ഒരു കര്‍ഷകനും ബാധ്യതയുണ്ടാകുന്നില്ലെന്ന് പ്രസാദിന്റെ മപണ ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചിരുന്നു. പിആര്‍എസ് വായ്പയുടെ പൂര്‍ണ ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും പലിശയാണെങ്കിലും തിരിച്ചടവിന്റെ കാര്യമാണെങ്കിലും എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് സര്‍ക്കാര്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു.