ഉമ്മന്‍ചാണ്ടിയും പിണറായിയും ചേര്‍ന്ന് ചാണ്ടിഉമ്മനെ ജയിപ്പിച്ചു, അതാണ് സത്യം!

സത്യത്തില്‍ പുതുപ്പള്ളിയില്‍ ജയിച്ചത് ഉമ്മൻചാണ്ടി മാത്രമാണ്. 53 വര്‍ഷം ഉമ്മന്‍ചാണ്ടി കൊണ്ടു നടന്ന പുതുപ്പള്ളി, അദ്ദേഹത്തിന്റെ ആ കരുതലും സാമീപ്യവും വിളിപ്പാട് അടുത്തുണ്ട് എന്നു തോന്നിപ്പിച്ചിരുന്ന സാന്നിധ്യവുമാണ് പുതുപ്പള്ളിയില്‍ വോട്ടായി മാറിയത്. എരിതീയില്‍ എണ്ണ എന്നപോലെ പിണറായി സര്‍ക്കാരിനെ വലയ്ക്കുന്ന അഴിമതി ആരോപണങ്ങള്‍ കൂടിയായപ്പോള്‍ ഭൂരിപക്ഷം റെക്കോര്‍ഡ് തകര്‍ത്തു. പുതുപ്പള്ളിയല്‍ തോറ്റത് പിണറായിയാണ് അദ്ദേഹത്തിന്റെ സര്‍ക്കാരാണ്.

‘എന്തൊരു മനുഷ്യനായിരുന്നു ഉമ്മന്‍ ചാണ്ടി’ എന്ന് എതിരാളികളടക്കം അദ്ദേഹത്തിന്റെ അന്ത്യയാത്ര കണ്ട് അന്തംവിട്ടുപോയതാണ്.  അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ നടന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയ മുറ്റത്ത് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ തിരികത്തിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നുണ്ട്. ആ വിയോഗത്തിന്റെ അകലം കുറയും മുമ്പ്, അദ്ദേഹത്തിന്റെ ഓര്‍മകള്‍ മായും മുമ്പ് എത്തിയ തിരഞ്ഞെടുപ്പ്. ആ വൈകാരികതയായിരുന്നു കോണ്‍ഗ്രസിന്റ പ്രധാന വോട്ട് ബാങ്ക്. ഒപ്പം ദിവസം തോറും എണ്ണിയെണ്ണി അഴിമതിയുടെ, ധാര്‍ഷ്ട്യത്തിന്റെ പുതിയ കഥകള്‍ സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരുന്നു.

സത്യത്തില്‍ ചാണ്ടി ഉമ്മന്‍ ഒരു രാഷ്ട്രീയവും പറഞ്ഞില്ല. പ്രാര്‍ഥിക്കണം, സഹായിക്കണം ഇതുമാത്രമേ ആ ചെറുപ്പക്കാരന്‍ ചോദിച്ചുള്ളു. വോട്ടുപോലും ചോദിച്ചില്ല. ഉമ്മന്‍ ചാണ്ടിയാവാന്‍ കിണഞ്ഞു പരിശ്രമിച്ച് പരാജയപ്പെടുന്ന വൃഥാ വ്യായാമങ്ങളാണ് ഈ ചെറുപ്പക്കാരന്‍ ചെയ്തുകൊണ്ടിരുന്നത്. ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടിയും ചാണ്ടി ഉമ്മന്‍ ചാണ്ടി ഉമ്മനുമാണെന്ന് മനസ്സിലാക്കിയാല്‍ അയാള്‍ക്ക് നല്ലത്. മാത്രമല്ല ഉമ്മന്‍ ചാണ്ടിയെന്ന അളവുകോല്‍ വച്ചായിരിക്കും ആ മണ്ഡലത്തിലെ എന്നല്ല എല്ലാവരും പിന്‍ഗാമിയെ അളക്കുക. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാനുള്ള ഉറപ്പില്ലെങ്കില്‍ എല്ലാത്തവണയും ഉമ്മന്‍ ചാണ്ടി രക്ഷിച്ചെന്നു വരില്ല.

ഇത്തവണ ജെയ്ക്കിന് ജെയ്ക്ക് മാത്രമായിരുന്നു തുണ. പ്രധാനപ്പെട്ട നേതാക്കളാരും തന്നെ കാര്യമായ പ്രചാരണത്തിന് വന്നില്ല. തൃക്കാക്കര പോലെ ഒരോളം ഉണ്ടായില്ല. പുതുപ്പള്ളിക്കാരെ ഇളക്കി മറിക്കുന്ന ഒന്നും സിപിഎമ്മിന്റെ ഭാഗത്തുനിന്നു വന്നില്ല. ആകെ ഉല്‍സാഹമില്ലാത്ത , ആവേശമില്ലാത്ത , പരാജയം നേരത്തെ ഏറ്റുവാങ്ങിയ അവസ്ഥയിലായിരുന്നു പ്രചാരണം. ആള്‍ക്കൂട്ടത്തെ കൂട്ടാന്‍ പറ്റിയ ഒരു നേതാവു പോലും സിപിഎമ്മിലുണ്ടായില്ല.എം.എം. മണിയെപോലുള്ള ചിലര്‍ വന്ന് അസഭ്യം പറഞ്ഞത് മിച്ചം. അതോടെ സ്ത്രീ വോട്ടര്‍മാരുടെ ഉണ്ടായിരുന്ന വോട്ട് കൂടി പോയി.

ജെയക് നല്ല രാഷ്ട്രീയം പറയുന്ന ചെറുപ്പക്കാരനയിരുന്നു. പക്ഷേ ജെയ്ക്കിന് എന്തു ചെയ്യാന്‍ പറ്റും? ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങ് കണ്ട ഏതൊരാളും ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ തന്നെ പാതി തോറ്റപോലെയാണ്. സിപിഎമ്മിനുവേണ്ടി പുതുപ്പള്ളി പാനപാത്രം ജെയ്ക് വീണ്ടും ഏറ്റെടുത്തു, തോല്‍ക്കുമെന്ന് കരുതിക്കൊണ്ടുത്തന്നെ. പക്ഷേ ജയ്ക്കിന് ബാധ്യതയായി സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വന്നു. അച്ചു ഉമ്മനെതിരെ അനാവശ്യ വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നത് ജെയ്ക്കിന് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്തത്.

 എന്നാല്‍ കോണ്‍ഗ്രസ് പക്ഷത്ത് ശശി തരൂരും വി.ഡി. സതീശനും മാത്യു കുഴല്‍നാടനുമൊക്കെ കത്തിക്കയറി. ആളു കൂടി. ആരവം ഉയര്‍ന്നു. ഒരു അധ്വാനവുമില്ലാതെചാണ്ടി ഉമ്മന് വളരെ വളരെ എളുപ്പത്തില്‍ നടന്നു കയറാവുന്ന ഒരു വിജയമായി  ഇതു മാറി. എന്നാല്‍ കരിമണല്‍ മാസപ്പടി വിവാദം കത്തിക്കാന്‍  കോണ്‍ഗ്രസിനായില്ല. എണ്ണമറ്റ അഴിമതി കഥകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന് അത് മുതലാക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കൈലോതപ്പായയും ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്താടിയപ്പോഴും വിവാദ വിഷയങ്ങളെ കടന്നാക്രമിക്കാതെ കരുതലോടെയാണ് നേതാക്കള്‍ കൈകാര്യം ചെയ്തത്.

ശരിക്കും ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും ചേര്‍ന്ന് കോണ്‍ഗ്രസിന് നല്‍കിയ വിജയമാണിത്.   അല്ലാതെ കോണ്‍ഗ്രസ് പൊരുതിയിട്ടൊന്നുമല്ല.

More Stories from this section

family-dental
witywide