വാഷിംഗ്ടണ്‍: മിസൈലുകളും ഡ്രോണുകളും തടയുന്നതിന് പേരെടുത്ത യുഎസ്എസ് കാര്‍ണി ആക്രമണത്തിനിരയായതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ മിഡില്‍ ഈസ്റ്റില്‍ കടല്‍ സംഘര്‍ഷവും രൂക്ഷമാകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
സംഘര്‍ഷഭരിതമായ ചെങ്കടലിലൂടെ പോയ വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി അകമ്പടി സേവിക്കുന്നതിനിടെയാണ് യുഎസ്എസ് കാര്‍ണി ആക്രമണത്തിനിരയായതെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ യുദ്ധക്കപ്പലിന് നാശനഷ്ടമുണ്ടായോ എന്നത് വ്യക്തമല്ല. ആക്രമണത്തിനായി പാഞ്ഞടുത്ത മൂന്ന് ഡ്രോണുകളെ കപ്പല്‍ വെടിവെച്ചിട്ടു. ഡ്രോണുകളുടെ ലക്ഷ്യം യുഎസ്എസ് കാര്‍ണിയാണോ എന്ന് വ്യക്തമല്ല. ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കാന്‍ യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
അതേസമയം, ആക്രമണങ്ങളെ ‘അന്താരാഷ്ട്ര വാണിജ്യത്തിനും സമുദ്ര സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണി’യെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.
ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം, യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി സേന നിരവധി ക്രൂയിസ് മിസൈലുകളും ആക്രമണ ഡ്രോണുകളും ഇസ്രായേലിനും മേഖലയിലെ യുഎസ് ആസ്തികള്‍ക്കും നേരെ വിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണങ്ങള്‍.
‘ഇസ്രായേല്‍ ആക്രമണം’ അവസാനിക്കുന്നതുവരെ ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് ഹൂതി സേനയുടെ വക്താവ് പറഞ്ഞു.