കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ ഉണ്ണിയേശു; ക്രിസ്മസ് ആഘോഷങ്ങളില്ലാതെ ബെത്‌ലഹേം

ബെത്ലഹേം: ക്രൈസ്തവരെ സംബന്ധിച്ച് ഡിസംബര്‍ മാസത്തിന് വല്ലാത്തൊരു സ്വീകാര്യതയാണ്. ഡിസംബര്‍ 25ന് ക്രിസ്മസാണ്. ക്രിസ്തു ജനിച്ച ദിവസം. ഡിസംബര്‍ ഒന്നിനു തന്നെ തുടങ്ങുന്നു അതിനായുള്ള ഒരുക്കങ്ങള്‍. ഒന്നാം തീയതി ആരംഭിക്കുന്ന നോമ്പ് അവസാനിക്കുന്നത് 25നാണ്. ക്രൈസ്തവ വിശ്വാസികളില്‍ പലരുടേയും വീടുകളില്‍ ഡിസംബര്‍ ഒന്നിനു തന്നെ നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങും. ബെത്‌ലഹേമിലാണ് ക്രിസ്തു ജനിച്ചുവെന്ന് വിശ്വസിക്കുന്നത്.

അതുകൊണ്ട് ഏറ്റവുമധികം ആഘോഷങ്ങള്‍ നടക്കാറുള്ളതും ബെത്‌ലഹേമിലാണ്. ദീപങ്ങളും വര്‍ണങ്ങളും പാട്ടുകളും ഒക്കെയായി വര്‍ണ്ണാഭമായ ദിവസങ്ങളിലൂടെയാണ് ഡിസംബര്‍ മാസം ബെത്‌ലഹേം കടന്നു പോകാറുള്ളത്. യേശുവിന്റെ ജന്മദേശമെന്നതിനൊപ്പം ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമാണ് മെയ്ഞ്ചര്‍ സ്‌ക്വയര്‍. എന്നാല്‍ ഇത്തവണ ബെത്‌ലഹേമില്‍ ആഘോഷങ്ങളില്ല. ചരിത്രത്തിലാദ്യമായി ബെത്‌ലഹേമിലെ മെയ്ഞ്ചര്‍ ചത്വരം അലങ്കാരങ്ങളില്ലാതെ നിര്‍വികാരതയണിയുന്നു.

ഇത്തവണ ഇവിടെയൊരുക്കിയ പുല്‍ക്കൂടിനും പ്രത്യേകതയുണ്ട്. ഗാസയിലെ അവസ്ഥയെ ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നതിനായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ണിയേശു കിടക്കുന്ന പുല്‍ക്കൂടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഇതിലൂടെ ലോകത്തോട് പറയാന്‍ ആഗ്രഹിച്ചതെന്ന് ബെത്‌ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ക്രിസ്മസ് ചര്‍ച്ച് പാസ്റ്റര്‍ റവ.മുന്തര്‍ ഐസക് പറഞ്ഞു. ദിവസവും ടെലിവിഷനില്‍ ഇത്തരം ദൃശ്യങ്ങളും അതിനെ യുക്തിസഹമായി ന്യായീകരിക്കുന്നതും കണ്ട് മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം വലിയ ആഘോഷങ്ങളോടെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഇവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നു, വീടുകള്‍ നശിപ്പിക്കപ്പെടുന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നു. പലസ്തീനികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും നാം കടന്നുപോകുന്ന അനീതികളെക്കുറിച്ചും ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ക്രിസ്മസില്‍ ഞങ്ങളുടെ ഒരേയൊരു ആഗ്രഹവും പ്രാര്‍ത്ഥനയും ഈ വംശഹത്യ അവസാനിക്കട്ടെ എന്നാണ്. ബെത്‌ലഹേമില്‍ 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രിസ്ത്യാനികളായിരുന്നു. നക്ബ എന്നറിയപ്പെടുന്ന 1948-ലെ യുദ്ധത്തിന് ശേഷം നിരവധി പലസ്തീനികള്‍ പലായനം ചെയ്യപ്പെട്ടതോടെ ഇവിടുത്തെ ക്രൈസ്തവരുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. 2017 ലെ പലസ്തീന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം പലസ്തീനില്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ എന്നിവിടങ്ങളിലായി 47,000 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്.

More Stories from this section

family-dental
witywide