യുവാക്കള്‍ ചേരിതിരിഞ്ഞ് പൊരിഞ്ഞ തല്ല്, റോഡില്‍ 250 മീറ്ററോളം ദൂരത്തില്‍ കുപ്പിച്ചില്ല്, സംഭവം കോട്ടയത്ത്

കോട്ടയം : യുവാക്കള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് 250 മീറ്ററോളം ദൂരത്തില്‍ ടാര്‍റോഡില്‍ കുപ്പിച്ചില്ലു നിറഞ്ഞു. കോട്ടയം പനച്ചിക്കാട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് ഇത്രയധികം കുപ്പിച്ചില്ല് കിടക്കുന്നത്. വഴക്കിനിടയില്‍ യുവാക്കള്‍ സോഡാ കുപ്പികള്‍ അടിച്ച് പൊട്ടിച്ചിടുകയായിരുന്നു.

ഇന്നലെ രാത്രി 12.30 ന് ശേഷമാണ് യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് സമീപത്തെ കടത്തിണ്ണയില്‍ അടുക്കിവെച്ചിരുന്ന സോഡാകുപ്പികളാണ് യുവാക്കള്‍ അടിച്ചുപൊട്ടിച്ച് റോഡില്‍ ഗതാഗതത്തിന് വെല്ലുവിളിയാകുന്ന രീതിയില്‍ നിരത്തിയത്.

ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ വരുന്ന പ്രധാന പാതയായ എന്‍ എസ് എസ് ഹൈസ്‌കൂള്‍ – തുരുത്തിപ്പള്ളി റോഡില്‍ ആണ് കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്നത്.

ഇന്ന് രാവിലെ റോഡില്‍ കുപ്പിച്ചില്ലുകള്‍ കിടക്കുന്നത് ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍ പെട്ടതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു സ്ഥലത്തെത്തി ചിങ്ങവനം പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ പോലീസ് അക്രമികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ് .

More Stories from this section

family-dental
witywide