ഹൈദരാബാദ്: വിവാഹത്തിലെ പ്രധാന ആകര്‍ഷണമാണ് വ്യത്യസ്തമായ ഭക്ഷണം. സസ്യ-മാംസ ആഹാരങ്ങളില്‍ സദ്യ ക്രമീകരിക്കുന്നത് പലയിടങ്ങളിലും വധുവിന്റെ കുടുംബമായിരിക്കും. വിവാഹത്തില്‍ വ്യത്യസ്തമായ രുചികള്‍ ഒരു സന്തോഷമാണെങ്കില്‍ തെലങ്കാനയിലെ നടക്കാതെപോയ ഒരു വിവാഹത്തിന്റെ ദുഖത്തിനുകാരണവും ഇതേ ഭക്ഷണമായിരുന്നു. വധുവിന്റെ കുടുംബം ഒരുക്കിയ ഭക്ഷണ മെനുവില്‍ മട്ടന്‍ മജ്ജ വിഭവം ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടന്നു വയ്ക്കുകയായിരുന്നു വരന്റെ കുടുംബം.
വധു നിസാമാബാദ് സ്വദേശിയും വരന്‍ ജഗ്തിയാല്‍ സ്വദേശിയുമാണ്. നവംബറില്‍ വധുവിന്റെ വസതിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം, എന്നാല്‍ താമസിയാതെ വിവാഹം മുടങ്ങി.
വധുവിന്റെ വീട്ടുകാര്‍ അവരുടെ കുടുംബാംഗങ്ങളും വരന്റെ ബന്ധുക്കളും ഉള്‍പ്പെടെയുള്ള അതിഥികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ മെനു ഒരുക്കിയിരുന്നു. എന്നാല്‍ വിവാഹ നിശ്ചയ ചടങ്ങിനു ശേഷം വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ ആട്ടിറച്ചിയുടെ മജ്ജ വിളമ്പുന്നില്ലെന്ന് അതിഥികള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കങ്ങളിലേക്കും വഴക്കിലേക്കും കലാശിച്ച സംഭവത്തില്‍ പൊലീസിനുവരെ ഇടപെടേണ്ടി വന്നു. ഒടുവില്‍ ഭക്ഷണ ഇനങ്ങളില്‍ മട്ടന്‍ മജ്ജ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിനാലാണ് അത് നല്‍കാത്തതെന്നുമായിരുന്നു വധുവിന്റെ കുടുംബം നല്‍കിയ വിശദീകരണം. ഇതോടെ തങ്ങളെ അപമാനിച്ചുവെന്ന് പറഞ്ഞ് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.