ന്യൂഡൽഹി: എഡിറ്റേഴ്സ് ഗില്‍ഡ് കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. കേസിലെ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാഴ്ചക്കകം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പരമോന്നത കോടതി നിര്‍ദേശിച്ചു. എഡിറ്റേഴ്സ് ഗില്‍ഡിന്റെ ഹരജിയിലാണ് നടപടി. റിപ്പോർട്ട് നൽകുന്നത് കുറ്റകൃത്യമാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനം സന്ദര്‍ശിച്ച് വസ്തുതാന്വേഷണം റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിറ്റേഴ്സ ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
നേരത്തെ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ മണിപ്പൂരിലെ വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടി ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി മണിപ്പൂര്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ സര്‍ക്കാര്‍ മെയ്തി വിഭാഗത്തിന് അനുകൂലമായാണ് നിലപാടെടുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തത്.