പാര്‍ലമെന്റ് അതിക്രമം; പ്ലാന്‍ ബി ഉണ്ടായിരുന്നുവെന്ന് പിടിയിലായ ലളിത് ഝാ

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധം പുനരാവിഷ്‌കരിക്കും. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികത്തിലാണ് നാലു പേര്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നുകയറി അതിക്രമം കാട്ടിയത്. ഭീകരാക്രമണമാണെന്നു വിലയിരുത്തിയിട്ടില്ലെങ്കിലും സകല സുരക്ഷാ ക്രമീകരണങ്ങളും മറികടന്ന് നാലു പേര്‍ പാര്‍ലമെന്റിനകത്ത് എത്തിയെന്നത് ഏറെ വിവിവാദം സൃഷ്ടിച്ചിരുന്നു.

ലളിത് ഝാ, സാഗര്‍, മനോരഞ്ജന്‍ എന്നിവര്‍ കഴിഞ്ഞവര്‍ഷം മൈസൂരുവില്‍വെച്ചാണ് പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പിന് നടത്തും. അതേസമയം പാര്‍ലമെന്റിനകത്ത് കയറി പ്രതിഷേധിക്കാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് പ്ലാന്‍ ബി ഉണ്ടായിരുന്നുവെന്ന് പിടിയിലായ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ പൊലീസിന് മൊഴി നല്‍കി. കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി.

അഥവാ നീലത്തിനും അമോലിനും പാര്‍ലമെന്റിന് സമീപം എത്താന്‍ സാധിച്ചില്ലെങ്കില്‍ മഹേഷും കൈലാഷും മറ്റൊരു ദിശയില്‍ നിന്ന് പാര്‍ലമെന്റിനകത്ത് കയറണമെന്നും കളര്‍ ബോംബുകള്‍ കത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളിക്കണമെന്നുമായിരുന്നു പ്ലാന്‍ ബി. എന്നാല്‍ സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാല്‍ ശര്‍മ്മയുടെ വീട്ടില്‍ മഹേഷിനും കൈലാഷിനും എത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് എന്ത് വില കൊടുത്തും പാര്‍ലമെന്റിന് പുറത്ത് ഏല്‍പ്പിച്ചിരിക്കുന്ന ചുമതല പൂര്‍ത്തിയാക്കാന്‍ അമോലിനോടും നീലത്തോടും നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നുമാണ് ലളിത് ഝാ പൊലീസിന് മൊഴി നല്‍കിയത്.

ലളിത് മോഹന്‍ ഝായെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലളിത് മോഹന്‍ ഝാ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ ഭാഗമാണെന്നാണ് വിവരം. സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരൂ എന്നായിരുന്നു പൊലീസിന്റെ വാദം.

More Stories from this section

family-dental
witywide