മോസ്‌കോ: ഉക്രെയ്ന്‍ സംഘര്‍ഷവുമായി താരതമ്യപ്പെടുത്താനാവാത്ത രീതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ”ദുരന്തം” എന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ച ഗാസ മുനമ്പിലെ സ്ഥിതിവിശേഷത്തെ വിശേഷിപ്പിച്ചത്.
ഹമാസുമായും ഇസ്രായേലുമായും ബന്ധം പുലര്‍ത്തുന്ന പുടിന്‍, കീവിനെതിരായ തന്റെ സമ്പൂര്‍ണ സൈനിക ഇടപെടല്‍ രണ്ട് വര്‍ഷത്തിലേക്ക് അടുക്കുന്നതിനിടെ മോസ്‌കോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗാസയിലെ സ്ഥിതിയല്ല ഉക്രെയ്‌നിലുള്ളതെന്ന് പരാമര്‍ശിച്ചത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഇപ്പോള്‍ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. പലസ്തീന്‍ ഗ്രൂപ്പായ ഹമാസ് ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷമാണ് പ്രത്യാക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ഗാസയെ തകര്‍ത്തെറിയുകയും 18,600-ലധികം ആളുകളെ കൊല്ലുകയും ചെയ്തു. മരണങ്ങളിലധികവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം,, 2022 ഫെബ്രുവരി മുതല്‍ റഷ്യ ഉക്രേനിയന്‍ നഗരങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കടുത്ത ശത്രുതയെത്തുടര്‍ന്ന് രാജ്യത്തിന്റെ തെക്കും കിഴക്കും വലിയ ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുമുണ്ട്.
യുക്രെയ്നില്‍ പതിനായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ പറഞ്ഞു, യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് വാസ്തവം.