നല്ല ഭക്ഷണം എവിടെക്കിട്ടുമെന്ന് തിരഞ്ഞു നടക്കുക, ഒടുവില്‍ നല്ല നല്ല സ്‌പോട്ടുകള്‍ കണ്ടെത്തുക, ആസ്വദിച്ച് കഴിക്കുക…ഭക്ഷണത്തെ ജീവിതത്തോളം സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊക്കെ വളരെ ഇഷ്ടമുള്ളതും രസകരവുമായ അനുഭവങ്ങളാണ്. ജീവിക്കാനാണ് ഭക്ഷണമെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ ഭക്ഷണം കഴിക്കാനാണ് ജീവിക്കുന്നതെന്ന് പറഞ്ഞെത്തിയ നിരവധി ഫുഡ്‌വ്‌ളോഗര്‍മാരെക്കൊണ്ട് നിറഞ്ഞ നാടാണിത്. അപ്പൊപ്പിനെ ഭക്ഷണത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയം പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.
രുചിയുള്ള ഭക്ഷണം നല്‍കി മാടി വിളിക്കുന്ന നാട് ഏതായാലും ഓടിയെത്തുന്നവര്‍ക്കായി ഇതാ ഇന്ത്യയിലെ അഞ്ച് നഗരങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, ലക്‌നൗ എന്നീ അഞ്ച് നഗരങ്ങളാണ് മികച്ച ഭക്ഷണം ലഭിക്കുന്ന ലോക നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്.
പ്രാദേശിക ഭക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അനുഭവവേദ്യമായ ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് അടുത്തിടെ ‘ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. അതില്‍ ആദ്യ 50-ല്‍ ഇടം നേടിയ രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ മുംബൈയും ഹൈദരാബാദുമാണ്, യഥാക്രമം 35-ഉം 39-ഉം സ്ഥാനത്താണ് ഈ ഫുഡ് സ്‌പോട്ടുകള്‍. ഡല്‍ഹി 56-ാം സ്ഥാനത്തെത്തിയപ്പോള്‍ ചെന്നൈയും ലഖ്നൗവും 65-ാം സ്ഥാനത്തും 92-ാം സ്ഥാനത്തും എത്തി. ഡല്‍ഹിയും മുംബൈയും വ്യത്യസ്തമായ ഛാട്ടുകള്‍ക്ക് ജനപ്രിയമാണെങ്കില്‍, ഹൈദരാബാദ് ബിരിയാണിക്കും ചെന്നൈ അതിന്റെ സ്വാദിഷ്ടമായ ദോശയ്ക്കും ഇഡ്‌ലിക്കും പേരുകേട്ടതാണ്. കബാബുകളും ബിരിയാണിയും ഉള്‍പ്പെടുന്ന രുചികരമായ മുഗ്ലായ് വിഭവങ്ങള്‍ക്ക് പേരുകേട്ടതാണ് ലഖ്നൗ.
ഒരു നഗരത്തിന്റെ ചരിത്രം, സംസ്‌കാരം, സ്വത്വം എന്നിവയുടെ സമ്പന്നമായ ആഖ്യാനം മന്ത്രിക്കുന്ന ഭക്ഷണം മനോഹരമായ ഒരു കഥപോലെയാണ്. പല രുചികള്‍ മാറി മാറി വരുന്ന ഓരോ വിഭവവും അതിലെ കഥാപാത്രങ്ങള്‍ പോലെയും. ചില രുചികള്‍ നായികാ നായകന്മാരെപ്പോലെ രുചിമുകുളങ്ങലെ ത്രസിപ്പിച്ച് കടന്നു പോകും. മറ്റുചിലതാകട്ടെ, വില്ലന്മാരെപ്പോലെ എരിവും പുളിയും കയ്പ്പും കൊണ്ട് ആകെ വെറുപ്പിച്ചും കളയും. എന്തു തന്നെയായാലും വില്ലനെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ടല്ലോ.
തെരുവോരത്തെ സ്റ്റാളുകള്‍ മുതല്‍ ഐക്കണിക്ക് ഭക്ഷണശാലകള്‍ വരെ ചേരുവകളുടെ വൈവിധ്യം കൊണ്ട് വ്യത്യസ്തമാണ്. അത് വളരെ ലൈറ്റായ ഒരു സൂപ്പായിലും , തെരുവോരങ്ങളിലെ ലഘുഭക്ഷണമായാലും, അല്ലെങ്കില്‍ ഒരു സിഗ്‌നേച്ചര്‍ ഡെസേര്‍ട്ടായാലും, പ്രാദേശിക ഭക്ഷണം ഒരു നഗരത്തിന്റെ ആത്മാവിന്റെ സാരാംശം ഉള്‍ക്കൊള്ളുന്നു. ഭൂതവും വര്‍ത്തമാന കാലവും സമന്വയിപ്പിക്കുന്ന രുചികളുടെ ഭാവി തേടി രുചി യാത്രകള്‍ നടത്തുന്നവര്‍ക്കായി മുംബൈയും ഹൈദരാബാദും ഡല്‍ഹിയും ചെന്നൈയും ലക്‌നൗവും കാത്തിരിക്കുന്നു.