ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു. ഹാലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ സെെന്യവും പൊലീസും ചേർന്ന് വെള്ളിയാഴ്ച സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. സെെന്യം ശക്തമായി തിരിച്ചടിച്ചു.

ആക്രമണത്തില്‍ മൂന്ന് സെെനികർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ സേനയെ പ്രദേശത്ത് എത്തിച്ചിട്ടുണ്ടെന്നും, ഭീകരരെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയെന്നും സെെന്യം അറിയിച്ചു.

ഇതേസമയം, ജില്ലയിലെ കുണ്ഡ് മേഖലയില്‍ സ്‌ഫോടന ശബ്ദം കേട്ടതിനെതുടർന്ന് അന്വേഷണം ആരംഭിച്ചു. സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്ഫോടന ശബ്ദം ഉയർന്നത്. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്ത് തിരച്ചില്‍ നടത്തിവരികയാണ്.

നേരത്തെ ജൂലൈ 18ന് പൂഞ്ച് ജില്ലയിൽ പാക് ഭീകരനെ സംയുക്ത ഓപറേഷനിൽ സു​രക്ഷാസേന വധിക്കുകയും, എകെ-47 റൈഫിളുകളും രണ്ട് പിസ്റ്റലും അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ, പൂഞ്ച്, രജൗരി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് കമാൻഡോകൾ ഉൾപ്പെടെ പത്ത് സൈനികർ കൊല്ലപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide