പാലക്കാട്ടെ മണ്ണാർക്കാട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു

മണ്ണാർക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങള്‍ അച്ഛന്റെ കണ്‍മുന്നില്‍ മുങ്ങിമരിച്ചു. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്.

അച്ഛന്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാള്‍ വെള്ളത്തില്‍ താഴ്ന്നുപോയി. രക്ഷിക്കാന്‍ ചാടിയ മറ്റ് രണ്ട് പേരും അപകടത്തില്‍ പെടുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.

മൂന്ന് സഹോദരിയും അവരുടെ അച്ഛനുമായാണ് ഉച്ചയോടെ കുളത്തിലേക്ക് എത്തിയത്. ഒരാള്‍ കാല്‍വഴുതി വീണതോടെ മറ്റുരണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് കരുതുന്നത്. അരയേക്കറോളം വിസ്തൃതിയും ആഴവുമുള്ള കുളമാണിതെന്ന് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന പറഞ്ഞു. കുളത്തിനടുത്താണ് മുങ്ങിമരിച്ചവരുടെ വീട്.

വിവാഹിതരായ റംഷീനും നാഷിദയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകും.

More Stories from this section

family-dental
witywide