ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു കടവയിറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്ന കടുവ ഒന്ന് വിശ്രമിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ പൊളിഞ്ഞ ഒരു വീടിന്റെ ഭിത്തിയിൽ കയറി സുഖമായി ഇരുന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നാട്ടുകാരുടെ ശല്യം. ഒന്നും രണ്ടും അല്ല, ഒരായിരം മനുഷ്യന്മാർ ചുറ്റുവട്ടമുള്ള വീടുകളിലെ മുകളിൽ കയറി നിന്ന് ഫോട്ടോ ഷൂട്ട് തുടങ്ങി. ആകെ ബഹളമായി. നല്ലപോലെ ഉറങ്ങാമെന്നു കരുതിയ കടുവയ്ക്ക് അതൊട്ടു സാധിച്ചുമില്ല. പല തവണ അലറി നോക്കി. നാട്ടുകാർ എവിടെ പോകാൻ. വലിയ വടിയുമായാണ് ചിലരെത്തിയത്. കടുവയെങ്ങാനും വന്നാൽ തല്ലിയോടിക്കാനായിരിക്കും പ്ളാൻ. എങ്കിലും കടുവയുടെ തൊട്ടുത്ത് ആളുകൾ കൂട്ടാമായി നിൽക്കുന്നത് ഫോട്ടോയിൽ വ്യക്തമായി കാണാം. കടുവ കടുത്ത തീരുമാനമൊന്നുമെടുക്കാത്തത് നാട്ടുകാരുടെ ഭാഗ്യം.
എന്തായാലും ഫോട്ടോ ഷൂട്ടിൽ മനംമടുത്ത കടുവ കുറച്ചു നേരം കിടന്നുറങ്ങാൻ തീരുമാനിച്ചു. അപ്പോഴേക്കും വനപാലകരെത്തി മയക്കുവെടി വച്ച് കടുവയെ പിടികൂടി. രണ്ടു വയസ്സുള്ള പെൺ കടുവയാണ്. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് ആരെയും ആക്രമിക്കാതിരുന്നതെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു. തൊട്ടുടുത്തുള്ള പിലിഭിത് ടൈഗർ റിസർവിൽ നിന്ന് നാട്ടിലിറങ്ങിയതാണ് കടുവ .