ബോണ്‍: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സുസ്ഥിര പഠനകേന്ദ്രം ജര്‍മനിയിലെ ബോണില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഉച്ചകോടിയില്‍ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി. എന്‍. പ്രതാപന്‍ പങ്കെടുക്കും. ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടക്കുന്ന ഉച്ചകോടിയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, അക്കാദമിക് വിദഗ്ധർ, പരിസ്ഥിതി പ്രവര്‍ത്തകര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലാണ് ടി.എന്‍. പ്രതാപന്‍ ഉൾപ്പെട്ടിട്ടുള്ളത്.
ആഗോള താപനം, മരുഭൂവല്‍ക്കരണം, ജലദൗര്‍ലഭ്യം, സമുദ്ര മലിനീകരണം, ഭൂവിനിയോഗ പ്രതിസന്ധി, പാരിസ്ഥിതിക നിയമനിർമാണങ്ങള്‍, തണ്ണീര്‍ത്തട സംരക്ഷണ തുടങ്ങിയ വിഷയങ്ങളിലാണ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുക. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ഈ മാസം 25 ന് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.