ചൊവ്വാഴ്ച ഉഗാണ്ടയിലെ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് വിനോദസഞ്ചാരികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട്.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ഗ്രൂപ്പിലെ അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ആക്രമണം നടത്തിയത്. ക്വീന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കിലേക്ക് പോവുകയായിരുന്ന വാഹനമാണ് അക്രമികള്‍ കത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളും ഒരു ഗൈഡുമാണ് കൊല്ലപ്പെട്ടതെന്ന് ഉഗാണ്ട വൈല്‍ഡ് ലൈഫ് അതോറിറ്റിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഐസിസ് ഭീകര സംഘവുമായി ബന്ധമുള്ള എ.ഡി.എഫ്. ഗ്രൂപ്പ് ഉഗാണ്ടയില്‍ തുടങ്ങിയതും നിലവില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്നതുമാണ്. ‘ക്യൂന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് വിനോദ സഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെടുകയും അവര്‍ സഞ്ചരിച്ചിരുന്ന സഫാരി വാഹനം അക്രമികള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഉഗാണ്ട പോലീസ് വക്താവ് ഫ്രെഡ് എനാംഗ എക്സില്‍ കുറിച്ചു.
തീപിടിച്ച സഫാരിയുടെ ചിത്രവും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ആക്രമികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും പോലീസ് വക്താവ് എക്‌സില്‍ കുറിച്ചു. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.