കേരളത്തിലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ദിവ്യ എസ്. അയ്യര്‍ വിഴിഞ്ഞം പോര്‍ട്ട് എം‍ഡി

തിരുവനന്തപുരം : കേരളത്തിലെ 6 ജില്ലകളിലെ കലക്ടർമാര്‍ക്ക് സ്ഥലംമാറ്റം . പത്തനംതിട്ട ജില്ലാ കലക്‌ട‌ർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്‌ടറായി നിയമിച്ചു.  കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്‌ട് ഡയറക്‌ടർക്ക് പുറമേ അധികചുമതലയായാണ് എംഡി സ്ഥാനം. കേരള സാമൂഹിക സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ. ഷിബുവിനെ പത്തനംതിട്ട ജില്ലാ കലക്‌ടറായി നിയമിച്ചു. ആലപ്പുഴ കലക്‌ടർ ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്‌ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്‌ടർ ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ കലക്‌ടർ.

മലപ്പുറം ജില്ലാ കലക്‌ടറായ വി. ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്‌ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷ്ണർ വി .ആർ വിനോദാണ് മലപ്പുറത്തിന്റെ പുതിയ കലക്‌ടർ. കൊല്ലം കലക്‌ട‌ർ അഫ്‌സാന പർവീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണർ ആയി നിയമിച്ചു. തിരുവനന്തപുരം സ്‌മാർട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല കൂടി അഫ്‌സാനയ്‌ക്ക് നൽകിയിട്ടുണ്ട്. 

മൈനിംഗ് ആന്റ് ജിയോളജി ഡയറക്‌ടർ എൻ. ദേവിദാസിനെ കൊല്ലം കലക്‌ട‌റായി നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മിഷ്ണർ  അരുൺ കെ. വിജയനെ കണ്ണൂർ ജില്ലാ കലക്‌ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്‌നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്‌ട‌റായും നിയമിച്ചു.

ന്യൂഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷ്ണർ സൗരഭ് ജെയിനെ തൊഴിൽ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടേയും വ്യവസായ(കശുവണ്ടി, കയർ, കൈത്തറി) സെക്രട്ടറിയുടയും അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. നിലവിലെ തൊഴിൽ സെക്രട്ടറി അജിത് കുമാറിനെ റസിഡന്റ് കമീഷണറായി മാറ്റി നിയമിച്ചു.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുടേയും ക്യാപ്പിറ്റൽ റീജണൽ ഡവലപ്മെന്റ് പ്രൊജക്‌ട് സ്പെഷ്ൽ ഓഫിസറുടെയും അധിക ചുമതല നൽകിയിട്ടുണ്ട്.

പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി എം അഞ്ജനയ്‌ക്ക് പിന്നാക്ക വിഭാ​ഗ വികസന കോർപറേഷൻ എംഡിയുടേയും പോട്ടറി മാനുഫാക്ചറിങ്, മാർക്കറ്റിങ് ആൻഡ് വെൽഫെയർ  ഡവലപ്മെന്റ് കോർപറേഷൻ എംഡിയുടേയും അധിക ചുമതലകൾ നൽകി. പഞ്ചായത്ത് ഡയറക്‌ടർ എച്ച് ദിനേശനെ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ജി പ്രിയങ്കയെ പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ അർജുൻ പാണ്ഡ്യന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുടെ അധിക ചുമതല കൂടി നൽകി.

ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ എംഡി ശിഖ സുരേന്ദ്രനെ ആരോ​ഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി കൂടി നിയമിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്‌ടർ ചേതൻ കുമാർ മീണയെ കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണറായും നിയമിച്ചു. വാട്ടർ അതോറിറ്റി ജോയിന്റ് എം ഡി ഡോ. ദിനേശൻ ചെറുവത്തിന് ഭൂജല വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതലയും കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറ‌ക്‌ടറായ കെ സുധീറിന് പ്രവേശന പരീക്ഷാ കമീഷണറുടെ അധിക ചുമതലയും നൽകി. വ്യവസായ വകുപ്പ് ഓഫിസർ ആനി ജൂല തോമസിന് വ്യവസായ വികസന കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെയും കയർ വികസന വകുപ്പ് ഡയറക്‌ട‌റുടെയും അധിക ചുമതലയും നൽകി.

Transfers and postings of IAS officers in Kerala

More Stories from this section

family-dental
witywide