നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. എക്സിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
“മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ അതിനെ ശക്തമായി അപലപിക്കുന്നു. അത് സെക്‌സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്. അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാല്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാത്തതില്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്,” എന്നാണ് തൃഷ കുറിച്ചത്.
സംവിധായകൻ ലോകേഷ് കനകരാജും നടനെതിരെ രംഗത്തെത്തി. “മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നുന്നു. എല്ലാ വ്യവസായത്തിലും സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കണം. ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു,” ലോകേഷ് കുറിച്ചു.
ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.