
അബുദാബി: ഗൾഫിലെ ആറ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാൻ സാധിക്കും വിധം ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് യു എ ഇ. യൂറോപ്പിലെ ഷെങ്കൻ വീസ മാതൃകയിൽ ഏകീകൃത വിസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്ന് ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയനിലെ 22 രാജ്യങ്ങളടക്കം 27 രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കൻ വീസ.
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വീസ ഉപയോഗിച്ച് സന്ദർശിക്കാൻ കഴിയുക. ഒമാൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വീസ പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനുപിന്നാലെയാണ് യു എ ഇ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
ഗൾഫ് മേഖലയിലുടനീളം സാമ്പത്തിക മുന്നേറ്റം വളർത്തിയെടുക്കാൻ ഈ നടപടി സ്വീകാര്യമാകുമെന്ന് യു എ ഇ മന്ത്രി അഭിപ്രായപ്പെട്ടു.
ഏകീകൃത ടൂറിസ്റ്റ് വീസ നിലവിൽ വന്നശേഷം, അറേബ്യൻ ഗൾഫ് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ ജിസിസി രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നതിനായി പുതിയ ടൂറിസം പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വീസ രഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.
UAE minister says unified GCC visa will be launched like the Schengen-style visa, tourists can explore the 6-member Gulf bloc