രാമക്ഷേത്രത്തിൽ പോകാൻ ആരുടെയും ക്ഷണം വേണ്ട: ഉദ്ധവ് താക്കറെ

മുംബൈ: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ, തനിക്ക് ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചുകൊണ്ട് ഉദ്ധവ് തന്നെ രംഗത്തെത്തി.

“രാം ലല്ല എന്റേതും ആണ്, എനിക്ക് എപ്പോൾ വേണമെങ്കിലും പോകാം, ഇപ്പോൾ പോകാം, നാളെ പോകാം, മുഖ്യമന്ത്രിയായപ്പോൾ ഞാൻ അയോധ്യയിൽ പോയി, അതിനുമുമ്പ് ഞാൻ അയോധ്യ സന്ദർശിച്ചു, അതെ, എനിക്കൊന്നും ലഭിച്ചിട്ടില്ല. ക്ഷണം എനിക്ക് ആവശ്യമില്ല, ഈ പരിപാടി രാഷ്ട്രീയമാക്കരുതെന്ന് എനിക്ക് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ,” ഉദ്ധവ് പറഞ്ഞു.

ഉദ്ധവിനെ ക്ഷണിച്ചിട്ടില്ലെങ്കിലും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവൻ രാജ് താക്കറെയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

“ബാബറി മസ്ജിദ് തകർത്തവർ ഇന്നില്ല. അവരിൽ ചിലരുണ്ടാകും. ചിലർ അന്ന് ആ പ്രായത്തിലുള്ളവരായതിനാൽ സ്‌കൂൾ പിക്‌നിക്കിന് പോയിരിക്കാം,” മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസ്, ഫഡ്‌നാവിസ് എന്ന നിലയിൽ താൻ കർസേവയിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച കാര്യം പലതവണ പരാമർശിച്ചിട്ടുണ്ട്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ക്ഷണം വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിമാരെയോ ഗവർണർമാരോ ക്ഷേത്ര നിർമാണ ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ, ദേശീയ പാർട്ടികൾക്കെല്ലാം ക്ഷണമുണ്ട്. എന്നാൽ, കോൺഗ്രസ് ഇതുവരെ പരിപാടിയിൽ പ​ങ്കെടുക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കിയിട്ടില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം ലഭിച്ചെങ്കിലും പരിപാടിയിൽ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ക്ഷണിക്കാത്തതിൽ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide