തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതിന് തിരിച്ചടി, 33 ല്‍ 17 ഇടത്തും യുഡിഎഫിന് വിജയം

കൊച്ചി: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ പത്ത് വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ഭരണപക്ഷത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നവകേരള സദസ്സുമായി സംസ്ഥാനത്തൊട്ടാകെ സഞ്ചരിക്കുന്നതിനിടയിലാണ് സര്ക്കാരിന് തിരിച്ചടിയായി തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ ഫലമെത്തിയിരിക്കുന്നത്.

നാല് വാര്‍ഡുകളില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളിലും വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 11 സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയ യുഡിഎഫ് എല്‍ഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചു. കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് സ്വന്തമാക്കി.

ഇടത് മുന്നണിയുടെ 10 സീറ്റുകളില്‍ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡ് മലപ്പുറം ഒഴൂര്‍ പതിനാറാം വാര്‍ഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്. തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡില്‍ സിറ്റിംഗ് സീറ്റില്‍ ബിജെപിയോട് തോറ്റത് സിപിഎമ്മിന് ഇരട്ടി ആഘാതമായി. അതേസമയം തെരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിന് വഴിയൊരുക്കിയിട്ടില്ല.

More Stories from this section

family-dental
witywide