ലണ്ടന്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പലചരക്കു സാധനങ്ങള്‍ക്ക് പകരം വീട്ടിലെത്തിയത് പാക്ക് ചെയ്ത മനുഷ്യവിസര്‍ജ്യം. ഒരു മനുഷ്യന് ലഭിക്കാവുന്ന വളരെ മോശമായ ഈ അനുഭവം യു.കെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലങ്കാഷെയറില്‍ താമസിക്കുന്ന 59 കാരനായ ഫില്‍ സ്മിത്ത് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഐസ്ലാന്‍ഡില്‍ നിന്ന് 15,000 രൂപയോളം വിലവരുന്ന പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ സാധനങ്ങള്‍ അടുക്കിവയ്ക്കാനായി അടുക്കളയിലേക്ക് കൊണ്ടുപോകുംവഴി താഴെ വീഴുകയും ബാഗില്‍ നിന്ന് മനുഷ്യവിസര്‍ജ്യം നിലത്താകെ വീഴുകയും ചെയ്തു.
വളരെ മോശമായ ഈ സംഭവത്തില്‍ സ്മിത്ത് ആകെ അസ്വസ്ഥനാകുകയും ഉടന്‍തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ വീട്ടിലെത്തി ബാഗുകളെല്ലാം തിരിച്ചെടുക്കാന്‍ അയാള്‍ അവരോട് ആവശ്യപ്പെട്ടതുപ്രകാരം അവര്‍ അത് തിരികെ എടുത്തു. നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായി. എന്നാല്‍ നഷ്ടപരിഹാരത്തില്‍ താത്പര്യമില്ലെന്നും സംഭവത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് നഷ്ടപരിഹാരം ലഭിച്ചാല്‍ അത് ഏതെങ്കിലും ചാരിറ്റിക്കായി നല്‍കുമെന്നും സ്മിത്ത് പറഞ്ഞു.