യുകെ കുടിയേറ്റം ഇനി എളുപ്പമല്ല; വീസ നിയമങ്ങൾ കർശനമാക്കി ബ്രിട്ടിഷ് സർക്കാർ

കുടിയേറ്റം കുറയ്ക്കാൻ വീസ നിയമങ്ങൾ കടുപ്പിച്ച് യുകെ. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെയായിരിക്കും.ജോലിയുടെ ഭാഗമായോ പഠനത്തിന്റെ ഭാഗമായോ എത്തി യുകെയിൽ കുടിയേറുന്നവരുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി ഋഷി സുനക് പുതിയ വീസ നിയമങ്ങൾ അവതരിപ്പിച്ചത്.

മിനിമം വേതനം ഉൾപ്പെടെ പുതിയ മാറ്റങ്ങൾ മൂന്നു ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ്‌ കരുതുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് ആളുകൾ കുടിയേറുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു, അത് നിയന്ത്രിക്കാൻ താൻ നിർബന്ധിതനായി എന്ന് ഋഷി സുനക് പറയുന്നത്.

ചരിത്രത്തിൽ ഏറ്റവും വലിയ നിയന്ത്രണമാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട് തങ്ങൾ വരുത്തിയത് എന്നാണ് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ഇന്നുവരെ മറ്റൊരു പ്രധാനമന്ത്രിയും ഇതിനു തുനിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

പുതിയ മാറ്റങ്ങൾ ഇങ്ങനെ

 ജോലിക്കോ പഠിക്കാനോ യുകെയിൽ വരുന്നവരുടെ കൂടെ ആശ്രിതരായി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ഇത്തരക്കാർക്ക് ഡിപെൻഡൻ്റ് വീസ നൽകില്ല. കുടുംബമായി ജീവിക്കാൻ കഴിയാതാകുന്നതോടെ ആളുകൾ യുകെയിൽ സ്ഥിരതാമസത്തിന് നിൽക്കില്ല എന്നാണ് സർക്കാർ കണക്കുകൂട്ടൽ. കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

. മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു. ആ പരിധിക്കു മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമേ ഇനി മുതൽ യുകെയിലേക്ക് ജോലിക്ക് വരാൻ സാധിക്കുകയുള്ളു. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും. മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ശമ്പള പരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടാക്കി വർധിപ്പിച്ചു.

ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ഹെൽത്ത് കെയർ വിസയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മിഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളു.

ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

വിദ്യാർഥികളുടെ ഡിപെൻഡന്റ്സ് ആയി കുടുംബാംഗങ്ങൾ വരുന്നതിനും യുകെ നിയന്ത്രണമേർപ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു. 2023 സെപ്റ്റംബർ മാസം വരെ 153,000 വിസകൾ ഇത്തരത്തിൽ കുടുംബാംഗങ്ങൾക്ക് നൽകിയതായാണ് കണക്ക്.

യുകെയിൽ ജോലിചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് പുതിയ നിയമങ്ങളിലൂടെ ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കുന്നത് . ഈ നിയമമാറ്റത്തിലൂടെ ഇത്രയുംകാലം ഭരിച്ച കൺസെർവേറ്റിവ് സർക്കാർ പരാജയം അംഗീകരിക്കുകയാണെന്ന വിമർശനവുമായി ലേബർ പാർട്ടിയിൽ നിന്നുള്ള ആഭ്യന്തര വകുപ്പ് വക്താവ് യെറ്റെ കൂപ്പർ രംഗത്തെത്തിയിട്ടുണ്ട്.

UK Migration rules changes , dependent visas cannot be allowed to students and care workers

More Stories from this section

family-dental
witywide