ഖലിസ്താനെ വിമർശിച്ചു; യുകെയിലെ സിഖ് റസ്റ്ററന്റ് ഉടമയുടെ കാറുകൾ നശിപ്പിച്ചു

ലണ്ടൻ: യുകെയിലെ സിഖ് റസ്റ്ററന്‍റ് ഉടമയുടെ കാറുകൾ ഖാലിസ്താൻ അനുകൂലികൾ നശിപ്പിച്ചു. ഹർമൻ സിങിന്‍റെ കാറാണ് നശിപ്പിച്ചത്. ഖാലിസ്താൻ പ്രസ്ഥാനത്തെ വിമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്‍റെ പേരിൽ കുടുംബം മേയ് മുതൽ ഭീഷണി നേരിടുകയാണെന്ന് സിങ് പറഞ്ഞു. വീടിന്‍റെ മുൻവശത്തെ പുൽത്തകിടിയിൽ പാർക്ക് ചെയ്‌തിരുന്ന രണ്ട് കാറുകളുടെയും മുൻവശത്ത് ചുവന്ന പെയിന്‍റ് ഒഴിക്കുകയും ചില്ല് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഖാലിസ്താൻ അനുകൂലികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

പിറ്റേന്ന് രാവിലെ പൊലീസിൽ പരാതി നൽകാൻ പോയപ്പോഴാണ് കാറിന്‍റെ ചില്ല് പൊട്ടിയ നിലയിൽ കണ്ടത്. ‘കഴിഞ്ഞ എട്ട് മാസത്തിനിടെ അവർ എന്നെ നാല് തവണ ആക്രമിച്ചു’. സിങ് പറഞ്ഞു. ഖാലിസ്താനെ വിമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതുമുതൽ ആയിരക്കണക്കിന് വധഭീഷണികളാണ് തനിക്കെതിരെ വന്നതെന്നും ഖാലിസ്താൻ അനുകൂലികൾ ഭാര്യക്കും മകൾക്കും നേരെ ബലാത്സംഗ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിൽ പൊലീസ് നടപടിയൊന്നും എടുക്കുന്നില്ലെന്നും സിങ് ആരോപിച്ചു.

മേയ് മാസത്തിലാണ് ഹർമൻ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ദശലക്ഷം വ്യൂസാണ് വീഡിയോക്ക് ലഭിച്ചത്. ഇതേ തുടർന്ന് നിരവധി പേർ വധഭീക്ഷണി മുഴക്കി രംഗത്തെത്തിയിരുന്നു. അഞ്ച് പേർ റസ്റ്ററന്‍റിന് നേരെ ആക്രമണം നടത്തി -സിങ് പറഞ്ഞു. തന്‍റെ വിഡിയോയുടെ പേരിൽ മാസങ്ങൾക്കുശേഷവും ഉപദ്രവിക്കപ്പെടുന്നത് തുടരുകയാണ്. പൊലീസ് ഇത് വരെയും നടപടിയെടുക്കാത്തതിൽ പരാതിയുണ്ടെന്നും സിങ് പറഞ്ഞു.

More Stories from this section

family-dental
witywide