ജി20 സംയുക്ത പ്രസ്താവനക്കെതിരെ യുക്രെയിന്‍, പ്രസ്താവനയില്‍ ചുവന്ന മഷികൊണ്ട് റഷ്യ എന്ന് എഴുതിച്ചേര്‍ത്തു!

ന്യൂഡല്‍ഹി: യുക്രെയ്ന്‍ അധിനിവേശം സംബന്ധിച്ച് ജി 20 രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തിൽ റഷ്യയെ പേരെടുത്ത് പരാമര്‍ശിക്കാത്തതാണ് യുക്രെയിനിന്റെ പ്രതിഷേധത്തിന് കാരണം. ജി 20 രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

വിഷയത്തില്‍ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ എക്‌സ് അക്കൗണ്ടില്‍ നടത്തിയ പ്രതികണത്തിലും രൂക്ഷമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ജി20 സംയുക്ത പ്രഖ്യാപനത്തില്‍ ചുവന്ന മഷി കൊണ്ട് തിരുത്തല്‍ വരുത്തി റഷ്യയുടെ പേരെഴുതിച്ചേര്‍ത്താണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയിൽ അവതരിപ്പിച്ച സംയുക്ത പ്രസ്താവനയുടെ പ്രസക്തഭാ​ഗങ്ങളുടെ സക്രീൻ ഷോട്ട് സഹിതം അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഏതൊരു പ്രകോപനവുമില്ലാതെ യുക്രെയ്ന് മേൽ റഷ്യ നടത്തിയ അധിനിവേശത്തിൽ, റഷ്യയുടെ പേര് എവിടെയും പരാമർശിക്കാതെയാണ് ഇന്ത്യ സംയുക്ത പ്രസ്താവന അവതരിപ്പിച്ചതെന്നും ഒലെഗ് നിക്കോലെങ്കോ തന്റെ എക്‌സ് അക്കൗണ്ടിൽ വ്യക്തമാക്കി. സംയുക്ത പ്രസ്താവനയെ ചോദ്യം ചെയ്ത് അദ്ദേ​ഹം ജി 20 ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്തതിന് നന്ദിയും അറിയിച്ചു. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ ഉച്ചകോടിയിലെ സ്ഥിതി​ഗതികൾ നന്നായി മനസിലാക്കാൻ കഴിയുമായിരുന്നുവെന്നും യുക്രെയ്ന്റെ പ്രതികരണം യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിൻ കീഴിൽ ഇന്ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ സുസ്ഥിര വികസനം, യുക്രെയ്ൻ യുദ്ധ സാഹചര്യം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു പ്രധാന ചർച്ച. എന്നാൽ റഷ്യ യുക്രെയ്ൻ സംഘർഷത്തോടനുബന്ധിച്ച് ചർച്ചയുടെ അവസാനം ഒരു സംയുക്ത പ്രഖ്യാപനത്തിലേക്ക് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ അനുനയിപ്പിക്കാനാവുമോ എന്നതായിരുന്നു ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്.

എന്നാൽ അക്കാര്യത്തിൽ റഷ്യയെ പിണക്കാതെ തന്നെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിൽ എത്തുകയായിരുന്നു ഇന്ത്യ. ആഹ്‌ളാദ വാര്‍ത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുമാണ് സംയുക്ത പ്രമേയം. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത പ്രസ്താവന.

Ukraine protests against G20 summit resolution without criticizing Russia

More Stories from this section

family-dental
witywide