പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടന് വിനായകനെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്ന് ഉമാ തോമസ് എംഎല്‍എ. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന് ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. നടനെ വെറുതെ വിട്ട നടപടി അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉമ തോമസ് വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.
‘എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന് ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള് എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.’- ഉമ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടന് വിനായകനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി എസ് ശശിധരന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് നടനെതിരെ കേസ് എടുത്തത്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.