ഹമാസിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്ന് അന്റോണിയോ ഗുട്ടെറസ്; തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഗുട്ടെറസ്

ന്യൂയോര്‍ക്ക്: ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഗുട്ടെറസ് പ്രതികരിച്ചു. ഹമാസ് നടത്തിയ ആക്രമണം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ലെന്നും മാനുഷികനിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഗാസയില്‍ നടക്കുന്നതെന്നുമായിരുന്നു ആന്റോണിയോ ഗുട്ടെറസ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞത്.

56 വര്‍ഷമായി നേരിടുന്ന അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുകയാണ് പലസ്തീന്‍ എന്നും ഗാസയില്‍ മനുഷ്യര്‍ കൊടും ദുരിതത്തിലാണെന്നും വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നുമാണ് ഗുട്ടറസ് ആവശ്യപ്പെട്ടത്. ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇസ്രയേല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രയേല്‍ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു. ഗുട്ടെറസിന്’ ധാര്‍മ്മികതയും നിഷ്പക്ഷതയും’ നഷ്ടപ്പെട്ടുവെന്നും എര്‍ദാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഗുട്ടെറസ് പലസ്തീന്‍ ജനതയെ അനുകൂലിച്ച് സംസാരിച്ചതാണ് ഇസ്രായേലിനെ പ്രകോപിതരാക്കിയത്.

എന്നാല്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് ഗുട്ടെറസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ‘എന്റെ ചില പ്രസ്താവനകള്‍ തെറ്റായി ചിത്രീകരിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നത് പോലെയാണ്. ഇത് തെറ്റാണ്. ഇത് വിപരീതമാണ്,’ എന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഗുട്ടെറസിനെതിരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഘടിതമായ ആക്രമണങ്ങളില്‍ പലസ്തീന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഎന്നിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിക്കേണ്ട അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

More Stories from this section

family-dental
witywide