ന്യൂയോർക്ക്: ന്യൂയോർക്ക്: ഗാസ മുനമ്പിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം കാണിക്കുന്നത് ഹമാസ്-പലസ്തീൻ പോരാളികൾക്കെതിരായ ഇസ്രായേൽ സൈനിക നടപടികളിൽ എന്തോ “വ്യക്തമായ” കുഴപ്പമുണ്ടെന്നാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 1,400 പേരെ തീവ്രവാദികൾ കൊല്ലുകയും 240 ലധികം പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തത്. ഇതിനു പിന്നാലെ 2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചു.
“മനുഷ്യകവചങ്ങൾ തീർത്തുകൊണ്ടുള്ള ഹമാസിന്റെ നീക്കങ്ങൾ ലംഘനങ്ങൾ തന്നെയാണ്. എന്നാൽ സൈനിക നടപടികളിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം നോക്കുമ്പോൾ, ഇസ്രയേലിന്റെ നടപടികളിൽ വ്യക്തമായ ചില തെറ്റുകളുണ്ടെന്നാണ് മനസിലാകുന്നത്,” ഗുട്ടെറസ് പറഞ്ഞു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നതിനായി യുഎന്‍ ഇസ്രയേലുമായി ഒത്തുകളിക്കുകയാണെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണ് ഗുട്ടെറെസിന്‍റെ പ്രതികരണം.
ഒക്‌ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ 1.5 ദശലക്ഷം ജനങ്ങൾ പലായനം ചെയ്തതായാണ് യുഎന്നിന്‍റെ കണക്ക്. യുദ്ധത്തിൽ 10,500-ൽ അധികം ജനങ്ങൾ ഇതിനോടകം കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.