ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി: അൻ്റോണിയോ ഗുട്ടെറസ്, ഗാസയിലെ 2 ആശുപത്രികൾ അടച്ചുപൂട്ടുന്നു

ഗാസ: പശ്ചിമേഷ്യ രക്തപ്പറമ്പായി മാറിയിട്ട് ഒരു മാസം പിന്നിടുന്നു. ഇന്ന് ഗാസ ലോകത്തെ ഏറ്റവും ദയനീയ ചിത്രമാണ്. മിസൈലും ബോംബും തുരെതുരെ പെയ്യുന്ന ഇടം. ഫൈറ്റർ ജെറ്റുകളും സേനാ ടാങ്കുകളും അനുസ്യൂതം തീ തുപ്പുന്ന ഇടം. ഗാസയിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ ആളുകൾ. അതിൽ 4104 കുട്ടികളുണ്ട്. 2641 സ്ത്രീകളുണ്ട്. ഇത് പലസ്തീൻ ആരോഗ്യ വകുപ്പിൻ്റെ കണക്കാണ്. ഇതിലും എത്രയോ അധികം ആളുകൾ കൊല്ലപ്പെട്ടിരിക്കാം. എത്രയോ പേർ തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ അല്ലാതയോ കുടുങ്ങിക്കിടക്കുന്നുണ്ടാവാം.

ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വീണ്ടും വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ഗാസ കുഞ്ഞുങ്ങളുടെ വലിയ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. റഫാ അതിർത്തി വഴി മാത്രം എത്തുന്ന സഹായങ്ങൾ മതിയാകില്ല എന്നും മറ്റ് മാർഗങ്ങൾ അനിവാര്യമാണെന്നും ഗുട്ടെറെസ് അറിയിച്ചു.

ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രികളായ അൽ കുദ്സ്, അൽ അവ്ദ എന്നിവിടങ്ങളിൽ ഇനി കുറച്ചു ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളു. ഇവ രണ്ടും ഉടൻ തന്നെ പൂട്ടുമെന്ന് പലസ്തീൻ റെഡ് ക്രെസെൻ്റ് അറിയിച്ചു. അൽ ഷിഫ ആശുപത്രിയിലെ സോളർപാനൽ സിസ്റ്റം ബോംബിട്ട് തകർത്തത് തങ്ങളല്ല എന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

ഗാസയിലെ ജനങ്ങൾക്കായി പലസ്തീനിൽ ഒരു താൽക്കാലിക ഫീൽഡ് ഹോസ്പിറ്റൽ നിർമിക്കുമെന്ന് യുഎഇ അറിയിച്ചു. അതിനിടെ വെസ്റ്റ് ബാങ്കിൽ വീടുകളിൽ കയറി ഇസ്രയേൽ സൈന്യം നടത്തുന്ന പരിശോധനയ്ക്കിടെ 4 പേർ കൊല്ലപ്പെട്ടു. നിരവധി പേരെ പട്ടാളം പിടിച്ചുകൊണ്ടുപോകുന്നുമുണ്ട്.

ഇറാൻ്റെ നേതൃത്വത്തിലുള്ള ഭീകരവാദ അച്ചുതണ്ടിനെതിരെ ലോകം ഒന്നാകെ നടത്തുന്ന യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതനാഹ്യു പറഞ്ഞു. തങ്ങൾ ഗാസയെ നെടുകെ പിളർന്നെന്നും ഗാസസിറ്റി വളഞ്ഞെന്നും ഇസ്രയേൽ അറിയിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ വടക്കൻഗാസ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ വിതരണം ചെയ്തത് ജനങ്ങളെ പരിഭാന്ത്രരാക്കി. വൈദ്യുതിയില്ലാതെ ഇരുട്ടിൽ എങ്ങോട്ടുപോകണമെന്ന് അറിയാതെ ജനം ഭീതിയിലായി. അധികം വൈകാതെ ഹമാസിൻ്റെ എല്ലാ താവളവും തകർക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.

ഗാസാ മുനമ്പിൽ അങ്ങോളമിങ്ങോളം അതിരൂക്ഷമായ ആക്രമണം ഇസ്രയേൽ സൈന്യം തുടരുകയാണ്. ഇന്റർനെറ്റ്‌, ഫോൺ ബന്ധങ്ങൾ പൂർണമായും വിച്ഛേദിച്ച ശേഷമായിരുന്നു വ്യാപക ആക്രമണം. ആംബുലൻസ്‌ വിളിക്കാൻ മാർഗമില്ലാതായതോടെ നിസ്സഹായരായ ജനങ്ങൾ ഉറ്റവരെ ചുമന്നും കഴുതപ്പുറത്തേറ്റിയുമാണ്‌ ആശുപത്രികളിൽ എത്തിച്ചത്‌. മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ മൃതദേഹങ്ങൾകൊണ്ട്‌ നിറഞ്ഞു.

UN Secretary-General Antonio Guterres has said Gaza is “becoming a graveyard for children”

More Stories from this section

family-dental
witywide