യുഎൻ: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗാസയിൽ വെടിനിർത്തലിനായി യുഎൻ രക്ഷാസമിതിയിൽ അത്യപൂർവനീക്കവുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വെടിനിർത്തലിനായി അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യുഎൻ ചാർട്ടറിലെ 99-ാം അനുച്ഛേദം ഗുട്ടെറസ് പ്രയോഗിച്ചു.
അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന യുദ്ധംപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കാൻ സെക്രട്ടറി ജനറലിന് അധികാരം നൽകുന്നതാണ് അനുച്ഛേദം 99. ഗാസ മാനുഷികദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി. അത് പലസ്തീൻകാർക്ക് ഒരിക്കലും പഴയജീവിതത്തിലേക്ക് മടങ്ങാനാവാത്തത്ര വലിയ പ്രത്യാഘാതമുണ്ടാക്കും. അടിയന്തരമായി തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
15 അംഗ രക്ഷാസമിതിയുടെ നിലവിലെ അധ്യക്ഷനും എക്വഡോർ സ്ഥാനപതിയുമായ ജോസ് ജാവിയർ ഡെല ഗാസ്‌ക ലോപസിന് ഇതുസംബന്ധിച്ച കത്ത് കൈമാറി. ഗാസയിൽ വെടിനിർത്താനുള്ള പ്രമേയം രക്ഷാസമിതി ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിലാണിത്. യുദ്ധം പരിഹരിക്കുക അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഗുട്ടെറസിന്റെ നടപടിയെന്നാണ് വിലയിരുത്തൽ.
ഭരണഘടനാതത്ത്വങ്ങളിൽ നിന്നുകൊണ്ട് ഗുട്ടെറസ് നടത്തിയ നീക്കം ഒരു സെക്രട്ടറി ജനറലിനെ സംബന്ധിച്ച് ഏറ്റവും ശക്തമായതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. ഇത് യു.എ.ഇ. കൊണ്ടുവന്ന വെടിനിർത്തൽപ്രമേയം പാസാക്കുന്നകാര്യത്തിൽ രക്ഷാസമിതിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
ഗുട്ടെറസിന്റെ തീരുമാനത്തെ പിന്തുണച്ച് ലോകാരോഗ്യസംഘടനയുടെ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അടക്കമുള്ളവർ രംഗത്തെത്തി. അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷയ്ക്കമുള്ള ജാഗ്രതാമുന്നറിയിപ്പാണ് അനുച്ഛേദം-99 എന്ന് ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാഡ് പറഞ്ഞു.