റോബിൻ Vs എംവിഡി: വെല്ലുവിളിച്ച് റോബിൻ, പിന്നാലെ എംവിഡി

പത്തനംതിട്ട: ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ ഓട്ടം തുടരാൻ തീരുമാനിച്ച റോബിൻ ബസിനെ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി ഉടൻ തന്നെ പിടി വീണു. പിഴ 7500 രൂപ. നിർത്താതെ യാത്ര തുടരുകയാണ് റോബിൻ. മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിട്ടില്ല. റോബിൻ പോകുന്ന വഴികളിലെല്ലാം ഇനിയും പരിശോധന ഉണ്ടാകാനാണ് സാധ്യത.

എന്നാൽ യാത്ര തുടരുക തന്നെ ചെയ്യുമെന്ന് റോബിൻ്റെ ഉടമ ഗിരീഷ് വ്യക്തമാക്കി. “ഞാൻ വെല്ലുവിളിക്കുകയാണ്. അധികാരികളുടെ വികൃതമുഖം ഞാൻ തുറന്നു കാട്ടും. ഉന്നാൽ മുടിയാത് തമ്പീ എന്ന് എന്നോടു പറഞ്ഞു. ഞാൻ കോടതിയിൽ പോയി. എന്നാൽ മുടിയും അണ്ണാ.. എന്നു ഞാൻ പറയുന്നു. കേരള സർക്കാർ പുതിയ നിയമം അറിഞ്ഞില്ല എന്നു നടിക്കുകയാണ്… എൻ്റെ കേസ് 21 നു കോടതിയിൽ വരുന്നുണ്ട് അന്ന് കാണാം.. “ഗിരീഷ് പറയുന്നു.

അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാന്‍ നല്‍കി.

ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആർടിസി ബസിന് മാത്രമേ ഓടാൻ അനുവാദമുള്ളു.

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍  16-ാം തിയതിയാണ്  പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ ബേബി ഗിരീഷ് സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

റോബിൻ ബസിന് ഓൾ ഇന്ത്യ പെർമിറ്റുണ്ട്. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്ഥാനത്ത് നികുതി അടച്ചാൽ ഏതുപാതയിലൂടെ വേണമെങ്കിലും പെർമിറ്റില്ലാതെ ഓടാൻ അനുമതി ഉണ്ടെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. റൂട്ട് ബസുകളെപ്പലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും അവർ വാദിക്കുന്നു. താരമായ റോബിൻ ബസ് നിയമത്തിൻ്റെ ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Unfazed by MVD Robin Bus to resume inter – state service

More Stories from this section

family-dental
witywide