മാർപാപ്പായുടെ വിലക്കും, വത്തിക്കാന്റെ നിരോധനവും , സിനഡിന്റെ നടപടിയും അവഗണിച്ച് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ പൂർണ ജനാഭിമുഖ കുർബാന അർപ്പിച്ചു. അതിരൂപതയിൽ 328 പള്ളികളാണുള്ളത്. അതിൽ 290 പള്ളികളിലും ക്രിസ്മസ് പാതിര കുർബാന സമ്പൂർണ ജനാഭിമുഖ കുർബാനയായിരുന്നു.
അതിരുപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക അടക്കം പല പള്ളികളും അടഞ്ഞ് കിടക്കുകയാണ്. എറണാകുളം ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന ചൊല്ലുന്നത് തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് എത്തി കുർബാന മധ്യേ സിനഡ് അനുകൂലികളെ അറസ്റ്റ് ചെയ്ത് മാറ്റി.
അതിരൂപതയിലെ മിക്ക ദേവാലയങ്ങളിലും , ഞായറാഴ്ച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലറോ , പൊന്തിഫിക്കൽ ഡെലിഗേറ്റിന്റെ കത്തോ വായിച്ചില്ല. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പായുടെ വിലക്ക് മറികടന്ന് ജനാഭിമുഖ കുർബാന നടത്തിയവർക്കെതിരെ എന്തു നടപടി ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Uniform holy mass abandoned in most of the parishes of Ernakulam Angamali Archdiocese