തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധനകാര്യ കമ്മിഷന് നിര്‍ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ടെന്നും കേരളത്തിന് അത് ലഭിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി കേന്ദ്രം വീര്പ്പുമുട്ടിക്കുന്നുവെന്ന നിരന്തരമുള്ള ആരോപണത്തിനുള്ള മറുപടിയാണ് നിര്‍മല സീതാരാമന് ഇങ്ങനെ പറഞ്ഞത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും നിർമല സീതാരാമൻ പറഞ്ഞു.
വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വാദം.