ശബരിമല: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇടതു സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ. കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടുകള്‍ കേരളം ഉപയോഗിക്കുന്നില്ല. ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നതെന്നും മന്ത്രി ആരോപിച്ചു.
കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെപല സഹകരണ സംഘങ്ങളുടെയും സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സൊസൈറ്റികളെ സര്‍ക്കാര്‍ അഴിമതിക്കായി ഉപയോഗിക്കുന്നു. സൊസൈറ്റികളിലും ബാങ്കുകളിലും പണം നിക്ഷേപിച്ച കര്‍ഷകര്‍ അത് തിരികെ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
“ഞാന്‍ നിരവധി സഹകരണ സംഘങ്ങൾ സന്ദര്‍ശിച്ചു. സംഘങ്ങളിലെ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വകമാറ്റുകയാണെന്ന് അവിടെയുള്ളവര്‍ എന്നോട് പറഞ്ഞു,” ശോഭ കരന്തലജെ പറഞ്ഞു.