പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎയ്ക്ക് 25 വർഷം തടവ്, 9 വർഷത്തെ നിയമയുദ്ധം

ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഉത്തർപ്രദേശിലെ ഒരു ബിജെപി എംഎൽഎക്ക് 25 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിൽനിന്നുള്ള രാംദുലാർ ഗോണ്ടിനാണ് കോടതി തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതോടെ എംഎൽഎ നിയമസഭയിൽ അയോഗ്യനാക്കപ്പെടുകയും ചെയ്തു.

2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒൻപതു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രത്യേക കോടതി രാംദുലാറിന് ശിക്ഷ വിധിച്ചത്. ഇതിനിടെ നിരവധി തവണ എംഎൽഎ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

2014ൽ രാംദുലാർ ഗോണ്ടിന്റെ ഭാര്യ ദുദ്ദിയിലെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രാദേശികമായി പിടിപാടുള്ള ഗോണ്ട്, ഭാര്യയുടെ സ്ഥാനം മുതലെടുത്ത് രാഷ്ട്രീയത്തിൽ വളരാൻ ശ്രമിച്ചു. 2014 നവംബർ 4 ന് ഗോണ്ട് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ കുടുംബം മയോർപൂർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വർഷം ബിജെപി ടിക്കറ്റിൽ ദുദ്ദി മണ്ഡലത്തിൽ നിന്ന് ഗോണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും കേസ് സോൻഭദ്രയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ തെളിവുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിലാണ് എംഎൽഎ ശിക്ഷിക്കപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു.