ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഭിന്നശേഷിക്കാരിയായ 17 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ആട് മേയ്ക്കാൻ പോയ പെൺകുട്ടി തിരിച്ചു വരാതിരുന്നതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തിയപ്പോഴാണ് താമസസ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള വയലിൽ അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
ശനിയാഴ്ചയായിരുന്നു സംഭവം. അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിരുന്നു. അർധനഗ്നയാക്കിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികൾ പ്രദേശത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആട് മേയ്ക്കാൻ പോകുന്നതിനിടെ തന്നെ രണ്ട് പേർ വയലിലേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കുട്ടി ആംഗ്യ ഭാഷയിൽ മാതാപിതാക്കളോട് പറഞ്ഞിരുന്നു. വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള വയലിൽ നിന്നാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ മാതാപിതാക്കൾ കണ്ടെത്തിയത്.
കുട്ടിയുടെ മെഡിക്കൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് റിപ്പോർട്ടുകൾ കൂടി ലഭിച്ച ശേഷം പുനർനടപടികൾ ആരംഭിക്കുമെന്നും അഡീഷനൽ എസ്.പി സർവേഷ് കുമാർ മിശ്ര പറഞ്ഞു. പെൺകുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.