
ലഖ്‌നൗ: തന്റെ ആഗ്രഹത്തിന് വിരുദ്ധമായി പുരികം ത്രെഡ് ചെയ്ത ഭാര്യയെ സൗദി അറേബ്യയിൽ നിന്നു വീഡിയോ കോൾ ചെയ്ത് ഭർത്താവ് മുത്തലാഖ് ചൊല്ലി. കാൺപൂർ സ്വദേശി ഗുൽസബയെയാണ് ഭർത്താവ് സലീം മുത്തലാഖ് ചൊല്ലിയത്. ഒക്‌ടോബർ നാലിനാണ് സംഭവം നടന്നത്. ഗുൽസബ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചിരുന്നു.
മുസ്ലീം വിവാഹ നിയമപ്രകാരമാണ് സലീമിനെതിരെ കേസെടുത്തിരിക്കുന്നത്. 2022 ജനുവരിയിലാണ് പ്രയാഗ്‌രാജ് സ്വദേശി മുഹമ്മദ് സലിമുമായി ഗുൽസബയുടെ വിവാഹം കഴിഞ്ഞത്.
സൗദി അറേബ്യയിൽ താമസിച്ച് ജോലി ചെയ്യുന്ന സലിം, ഗുൽസാബയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ പുരികം ശ്രദ്ധിച്ച്. എന്തുകൊണ്ടാണ് തന്നോട് അനുവാദം വാങ്ങാത്തതെന്ന് സലീം ചോദിച്ചു. ദേഷ്യം മൂലം അയാൾ ഭാര്യയെ മുത്തലാഖ് ചൊല്ലുകയും ഇനി ഗുൽസബയ്ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറയുകയും ചെയ്തു.
തുടർന്ന് സലിമിനും അമ്മായിയമ്മയ്ക്കും മറ്റുള്ളവർക്കുമെതിരെ ഗുൽസബ പൊലീസിൽ പരാതി നൽകി. ഭർത്താവ് സൗദിയിലേക്ക് മടങ്ങിപ്പോയത് മുതൽ ഭർതൃവീട്ടുകാർ സ്ത്രീധനത്തെച്ചൊല്ലി ഉപദ്രവിച്ചിരുന്നെന്ന് ഗുൽസബ പോലീസിൽ മൊഴി നൽകി.
മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2017ൽ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.